ഐ.എന്‍.എല്‍ ജനജാഗ്രത യാത്ര ഇന്നു തുടങ്ങും

കാസര്‍കോട്: അസഹിഷ്ണുതക്കും സാമുദായിക ധ്രുവീകരണത്തിനുമെതിരെ ഐ.എന്‍.എല്‍ ജനജാഗ്രത യാത്ര ഇന്ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി പ്രഫ. അബ്ദുല്‍ വഹാബ് നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ വൈകീട്ട് നാലിന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍ അധ്യക്ഷത വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കുള്ള മില്ലത്ത് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. മതേതരത്വത്തിനും മതമൈത്രിക്കും നിലകൊണ്ട മഹദ്വ്യക്തികളുടെ നാമധേയത്തിലുള്ള അനുബന്ധ ജാഥകള്‍ ഓരോ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രത്തില്‍നിന്നും ജനജാഗ്രത യാത്രക്കൊപ്പം ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന ട്രഷറര്‍ ബി. ഹംസഹാജി, സെക്രട്ടറിമാരായ കെ.പി. ഇസ്മാഈല്‍, എന്‍.കെ. അബ്ദുല്‍ അസീസ്, എം.എ. ലത്തീഫ്, വി.പി. കൊച്ചുമുഹമ്മദ്, ബഷീര്‍ ബഡേരി, നാഷനല്‍ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് അജിത്കുമാര്‍ ആസാദ്, എന്‍.എല്‍.യു സംസ്ഥാന പ്രസിഡന്‍റ് എ.പി. മുസ്തഫ, സെക്രട്ടറി സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ സ്ഥിരാംഗങ്ങളാണ്. ആദ്യദിവസത്തെ പര്യടനം വൈകീട്ട് അഞ്ചിന് പയ്യന്നൂരില്‍ സമാപിക്കും. എല്ലാ ജില്ലകളിലെയും പര്യടനത്തിനുശേഷം 13ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലാണ് സമാപന സമ്മേളനം. വാര്‍ത്താസമ്മേളനത്തില്‍ എസ്.എ. പുതിയവളപ്പില്‍, ബി. ഹംസ ഹാജി, കെ.എസ്. ഫക്രുദ്ദീന്‍, എം.എ. ലത്തീഫ്, അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, സുധീര്‍ കോയ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.