ഉദിനൂര്‍ കൊട്ടാരം സഞ്ചാരികള്‍ക്കായി തുറക്കുന്നു

തൃക്കരിപ്പൂര്‍: സംസ്ഥാനത്തെ സംരക്ഷിത സ്മാരകങ്ങളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രം പരിസരത്തെ പടിഞ്ഞാറേ കൊട്ടാരം വൈകാതെ സഞ്ചാരികള്‍ക്കായി തുറക്കും. 2011 ഒക്ടോബറിലാണ് കൊട്ടാരത്തെ കേരളത്തിലെ 178ാമത് സംരക്ഷിത സ്മാരകമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി 2012 ജൂണില്‍ കാല്‍ കോടി രൂപ അനുവദിച്ചു. ഭൂമി ലഭിക്കുകയാണെങ്കില്‍ പുരാവസ്തു പഠന കേന്ദ്രം സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാശോന്മുഖമായിരുന്ന കൊട്ടാരം പൈതൃക സ്വത്തായി കണ്ടാണ് നവീകരിച്ചത്. നാടുവാഴിക്കാലത്ത് ഗ്രാമീണരുടെ ആവലാതികള്‍ക്ക് പരിഹാരം കണ്ടിരുന്നത് പടിഞ്ഞാറേ കൊട്ടാരത്തില്‍ ആയിരുന്നു. മര ഉരുപ്പടികളില്‍ തീര്‍ത്ത കൊത്തുപണികളും പത്തായപ്പുരകളും കൊട്ടാരത്തിന്‍െറ സവിശേഷതയാണ്. രണ്ടു അനുബന്ധ അറകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ധാന്യപ്പുരയാണ് മറ്റൊന്ന്. മച്ചില്‍ വൃത്താകൃതിയില്‍ കൊത്തു പണികളുണ്ട്. കെട്ടിടത്തിനു 200 വര്‍ഷത്തിലേറെ പ്രായം കണക്കാക്കുന്നു. പഴയ കാലത്തെ ഒറ്റ, മുക്കാല്‍ നാണയങ്ങള്‍, ഓടില്‍ തീര്‍ത്ത ആള്‍ രൂപങ്ങള്‍ എന്നിവ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അക്കാലത്തെ കരകൗശലത്തിന്‍െറ സൂചകമായി കലശപാത്രവും ഇവിടെയുണ്ട്. വാരവും പാട്ടവും നടമാടിയ കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചിരുന്നത് ഇവിടത്തെ ഗുദാമിലാണ്. കൊട്ടാരത്തോളം പഴക്കമുണ്ടെന്ന് അനുമാനിക്കുന്ന ‘ഹിരണ്യ വധം’ ചിത്രീകരണവും കൊട്ടാരത്തിലുണ്ട്. കെട്ടിടത്തിന്‍െറ ചിതലരിച്ചുതുടങ്ങിയ ഉത്തരവും ധാന്യപ്പുരയും നവീകരണത്തോടെ സംരക്ഷിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.വി. ജതീന്ദ്രനാണ് കൊട്ടാരം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് അധികൃതരെ സമീപിച്ചത്. കൊട്ടാരത്തിലെ താളിയോലകള്‍ കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി പഠനവിധേയമാക്കിയിരുന്നു. വിശാലമായ നടവഴികള്‍, ഹാളുകള്‍, മുന്നിലും പിന്നിലും സമര്‍ഥമായി രൂപകല്‍പന ചെയ്ത ഗോവണികള്‍ എന്നിവയും പത്ത് മുറികളുമാണ് കൊട്ടരത്തിലുള്ളത്. പുരാവസ്തു വകുപ്പിന്‍െറ സ്മാരക പരിചാരകന്‍െറ സേവനം കൊട്ടാരത്തില്‍ ലഭിക്കും. കോഴിക്കോട്ടെ പഴശ്ശിരാജ മ്യൂസിയം അധികൃതരുടെ നിയന്ത്രണത്തിലാവും ഇനി ഉദിനൂര്‍ കൊട്ടാരം. പ്രാദേശികമായി ലഭിക്കാവുന്ന പുരാവസ്തുക്കള്‍ കണ്ടത്തൊനും ശേഖരിക്കുന്നതിനും അധികൃതര്‍ അടുത്തമാസം സെമിനാര്‍ സംഘടിപ്പിക്കും. നവീകരിച്ച കൊട്ടാരം കഴിഞ്ഞദിവസം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നാടിന് സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.