മൃണാളിനിയുടെ നിര്യാണത്തില്‍ മൗനം: പ്രധാനമന്ത്രി ഇന്ത്യന്‍ പാരമ്പര്യത്തെ ഇകഴ്ത്തി –ടി. പത്മനാഭന്‍

കണ്ണൂര്‍: വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ മടിച്ച പ്രധാനമന്ത്രിയുടെ നടപടി ഇന്ത്യയുടെ മഹിത പാരമ്പര്യത്തെയാണ് ഇകഴ്ത്തിയതെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക വനിത കോളജില്‍ ദുബൈ ഭരതം ട്രസ്റ്റിന്‍െറ അവാര്‍ഡ് ദാനവും രവീന്ദ്ര സംഗീതോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ സകലമാന വിഷയങ്ങളിലും പ്രതികരിക്കുന്ന ട്വിറ്റര്‍ വിദഗ്ധനാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍, അതുല്യയായ ഒരു കലാകാരിയുടെ മരണം അറിഞ്ഞില്ളെന്ന മട്ടാണ് അദ്ദേഹം നടിച്ചത്. കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന സമയത്താണ് ജവഹര്‍ലാല്‍ നെഹ്റു എം.എസ്. സുബ്ബലക്ഷ്മിക്ക് മുന്നില്‍ തലകുനിച്ചത്. എന്നാല്‍, ഗുജറാത്തിന്‍െറ ദത്തുപുത്രിയായ മൃണാളിനിയുടെ മരണത്തില്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. സ്വാഭാവികമായും സംസ്ഥാന സര്‍ക്കാറും ഇതേ നിലപാട് പിന്തുടര്‍ന്നു. കലാകാരന്മാരെ ആദരിക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍, ഈ പാരമ്പര്യം ഇന്നെവിടെയത്തെിയെന്ന് പ്രധാനമന്ത്രിയുടെ മൗനം തെളിയിക്കുന്നുവെന്നും പത്മനാഭന്‍ പറഞ്ഞു. ഭരതം അവാര്‍ഡ് സദനം രാമചന്ദ്രന് ടി. പത്മനാഭന്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എ.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വാദ്യ കലാകാരന്‍ കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, തായമ്പക വിദഗ്ധന്‍ ചെറുതാഴം ചന്ദ്രന്‍, ഓട്ടന്തുള്ളല്‍ കലാകാരന്‍ പയ്യന്നൂര്‍ കൃഷ്ണന്‍കുട്ടി, തളിപ്പറമ്പ് കഥകളി യോഗം ചെയര്‍മാന്‍ കുബേരന്‍ നമ്പൂതിരിപ്പാട് എന്നിവരെ ആദരിച്ചു. നാരായണന്‍ കാവുമ്പായി സംഗീത സംവിധായകന്‍ രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ. വിനീഷ്, സദനം രാമചന്ദ്രന്‍, വിനീത തുടങ്ങിയവര്‍ സംസാരിച്ചു. വനിത കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ ശില്‍പ ജോണ്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.