തലശ്ശേരി സ്റ്റേഡിയം നവീകരണം 28ന് ആരംഭിക്കും

തലശ്ശേരി: നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത തലശ്ശേരി നഗരസഭാ സ്റ്റേഡിയം നവീകരണ പ്രവൃത്തി ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. നാലുകോടി രൂപക്ക് ചെയ്യുന്ന പ്രവൃത്തിക്ക് കായിക വകുപ്പ് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുക. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കാത്തിരിപ്പിനൊടുവില്‍ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനത്തെുന്നത്. വൈകീട്ട് നാലിന് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അവകാശത്തര്‍ക്കം മുറുകിയതിനെ തുടര്‍ന്ന്, 2014ല്‍ പദ്ധതിയിട്ട നവീകരണ പ്രവൃത്തി മുടങ്ങുമെന്ന നിലയിലായിരുന്നു. ആദ്യം റവന്യൂ വകുപ്പും പിന്നീട് തലശ്ശേരി നഗരസഭയുമാണ് സ്റ്റേഡിയത്തിന് അവകാശമുന്നയിച്ച് കഴിഞ്ഞ വര്‍ഷം വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 2015 ജൂലൈയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ഇരുകൂട്ടരും സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ധാരണയാവുകയായിരുന്നു. കേരളം രണ്ടാമത് ആതിഥ്യമരുളിയ 35ാമത് ദേശീയ ഗെയിംസിന്‍െറ ഭാഗമായി സ്റ്റേഡിയത്തിന് ശാപമോക്ഷം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിന് മുന്നോടിയായി 2014 ഫെബ്രുവരി 22ന് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്‍െറ തീരുമാന പ്രകാരം തയാറാക്കിയ പദ്ധതി രൂപരേഖ അന്ന് നഗരസഭാ ഓഫിസില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ വര്‍ഷം വിവാദങ്ങള്‍ പുകഞ്ഞതിനാല്‍ പൈതൃക നഗരത്തിലെ സ്റ്റേഡിയം നവീകരണം പ്രവൃത്തി തീരുമാനമായില്ല. 28ന് ഉദ്ഘാടനം നടക്കുന്നതോടെ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. 1956ല്‍ തറക്കല്ലിട്ട് 1957ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട തലശ്ശേരി സ്റ്റേഡിയം കായിക പാരമ്പര്യത്തിന്‍െറ ഉദാത്ത മാതൃകയായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിയുന്തോറും സ്റ്റേഡിയം നാശത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. അറ്റകുറ്റപ്പണി ചെയ്താല്‍ തന്നെ സംരക്ഷിക്കാമെന്നിരിക്കെ, അത്തരത്തില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. നവീകരണ പ്രവൃത്തി പൂര്‍ത്തിയായ ശേഷം മാനേജ്മെന്‍റ് കമ്മിറ്റി രൂപവത്കരിച്ച് പരിപാലിക്കാനാണ് പദ്ധതി. വിവിധ വിഭാഗങ്ങളിലായി നിരവധി പേരാണ് ദിവസവും സ്റ്റേഡിയത്തില്‍ പരിശീലനത്തിനത്തെുന്നത്. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നനുവദിച്ച രണ്ട് കോടി രൂപ, കായിക യുവജന വകുപ്പിന്‍െറ രണ്ട് കോടി രൂപ എന്നിങ്ങനെ നാല് കോടി രൂപക്കാണ് തലശ്ശേരി സ്റ്റേഡിയം നവീകരണ പ്രവൃത്തി ആരംഭിക്കുന്നത്. 400 മീറ്ററിന്‍െറ എട്ട് ലൈന്‍ അത്ലറ്റിക് ട്രാക്, ഗ്രാസ് ഫുട്ബാള്‍ കോര്‍ട്ട്, 5000 പേര്‍ക്കിരിക്കാവുന്ന ഗാലറി, മേല്‍ക്കൂരയോട് കൂടിയ ബാസ്കറ്റ് ബാള്‍ കോര്‍ട്ട്, സ്റ്റേജ്, വോളിബാള്‍ കോര്‍ട്ട്, ടോയ്ലറ്റ് സൗകര്യം, നിലവിലെ സൗകര്യങ്ങളുടെ നവീകരണം, വൈദ്യുതീകരണ-വെളിച്ച സംവിധാനം, ഡ്രസ് മാറുന്നതിനുള്ള ഗ്രീന്‍ റൂം എന്നിവയോടൊപ്പം സ്റ്റേഡിയത്തിന് ചുറ്റും ഡ്രെയിനേജ് സൗകര്യവും ചുറ്റുമതില്‍ നിര്‍മാണവും നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.