കിഴുത്തള്ളി ജങ്ഷനില്‍ ഗതാഗതസംവിധാനം പരിഷ്കരിക്കും

കണ്ണൂര്‍: അപകടങ്ങളും ദുരന്തങ്ങളും തുടരെ നടക്കുന്ന താഴെ ചൊവ്വ ബൈപാസ് കിഴുത്തള്ളി ജങ്ഷനില്‍ ഗതാഗത സംവിധാനം പരിഷ്കരിക്കാന്‍ ധാരണ. ഇതിന്‍െറ ഭാഗമായി കാടുമൂടികിടക്കുന്ന റോഡ് പരിസരം വെട്ടിതെളിച്ച് കോണ്‍ക്രീറ്റ് നടപ്പാത ഒരുക്കാനും താല്‍ക്കാലികമായി ബാരിക്കേഡ് വെച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും തീരുമാനിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തേ ഇവിടെയുളള ബൈപാസ് മുഴുവന്‍ കാടു മൂടികിടക്കുന്നതിനാല്‍ ഇത് വൃത്തിയാക്കി പുതിയ ബൈപാസ് റോഡുമായി കൂട്ടിചേര്‍ക്കും. പി.ഡബ്ള്യു.ഡിയും കണ്ണൂര്‍ കോര്‍പറേഷനും സംയുക്തമായി നവീകരണം നിര്‍വഹിക്കും. ഒരാഴ്ചക്കുള്ളില്‍തന്നെ രണ്ടുപേരാണ് അപകട മരണത്തിനിടയായത്. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് കലക്ടര്‍ മറുപടി നല്‍കി. ഹൈമാസ്റ്റ് ലൈറ്റ്, സി.സി കാമറ തുടങ്ങിയ സംവിധാനങ്ങളും നടപ്പാക്കും. ബൈപാസില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടിയുണ്ടാകും. വാഹനങ്ങള്‍ വിദൂരതയില്‍ നിന്ന് കാണാവുന്ന വിധത്തിലുള്ള റോഡ് സംവിധാനമാണ് ഒരുക്കുക. അപകട മേഖല എന്ന ബോര്‍ഡും സ്ഥാപിക്കും. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, കൗണ്‍സിലര്‍മാരായ അഡ്വ. ടി.ഒ. മോഹനന്‍, എസ്. ഷഹീദ, സുധീര്‍ പൂച്ചാലി, പി.ഡബ്ള്യു.ഡി, പൊലീസ് പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.