വിഷുവിന് വിഷരഹിത പച്ചക്കറി: നാടൊരുങ്ങുന്നു

കണ്ണൂര്‍: വിഷുവിന് ജില്ലയില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ നടീല്‍ ഉത്സവം പാപ്പിനിശ്ശേരി പഞ്ചായത്തിലെ പഴഞ്ചിറ താവയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജനുവരി 30നകം എല്ലാ ബ്ളോക്കുകളിലും നടീല്‍ ഉത്സവം നടത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 200 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്തുക. ആവശ്യമായ വിത്തും തൈകളും ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യും. കരിമ്പം, കാങ്കോല്‍, വേങ്ങാട്, പാലയാട് ഫാമുകളില്‍ നിന്നായിരിക്കും ഇവ ലഭ്യമാക്കുക. സാങ്കേതിക സഹായവും ജില്ലാ പഞ്ചായത്ത് നല്‍കും. ഇതിനായി കൃഷി വിദഗ്ധരടങ്ങിയ സംഘത്തെ നിയോഗിക്കും. വാട്സ്ആപ് വഴി കര്‍ഷകര്‍ക്ക് രോഗബാധയും മറ്റ് പ്രശ്നങ്ങളും സംബന്ധിച്ച് സംശയ നിവാരണം നടത്താനാവും. നിലമൊരുക്കല്‍, ജൈവ കീടനാശിനി, ജൈവവളം എന്നിവക്കുള്ള സഹായവും ഗ്രാമ, ബ്ളോക് പഞ്ചായത്തുകള്‍ വഴി നല്‍കും. ഗ്രാമ, ബ്ളോക് പഞ്ചായത്തുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചമുളക്, തക്കാളി, വഴുതന, പാവക്ക, പടവലം, ചീര, പയര്‍, വെണ്ട എന്നിവയാണ് കൃഷി ചെയ്യുന്നത്. ഓരോ പ്രദേശത്തിന്‍െറയും പ്രത്യേകതക്ക് യോജിക്കുന്ന രീതിയിലായിരിക്കും കൃഷിയിനങ്ങള്‍ നിശ്ചയിക്കുക. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍ക്കാനും ജില്ലാ പഞ്ചായത്ത് സൗകര്യമൊരുക്കും. ഓരോ സ്ഥലത്തും കൃഷിക്കാരെ സഹായിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ജില്ലാ പഞ്ചായത്ത് പരിശീലനംനല്‍കും. ഉല്‍പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുന്നതിന് ജില്ലാ കേന്ദ്രത്തില്‍ വിപണന കേന്ദ്രവും ബ്ളോക്കുകളില്‍ സ്റ്റാളുകളും ഒരുക്കും. ജൈവപച്ചക്കറിയാണെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത് തലത്തില്‍ കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധനാ സംവിധാനവും ഒരുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. പ്രീത, കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കുടുവന്‍ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.കെ. സുരേഷ് ബാബു, കെ.വി. സുമേഷ്, ടി.ടി. റംല, കെ. ശോഭ, അംഗങ്ങളായ തോമസ് വര്‍ഗീസ്, അജിത് മാട്ടൂല്‍, പി.പി. ഷാജിര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.