ഭക്ഷ്യ സുരക്ഷാ കമീഷണറുടെ നിര്‍ദേശം നടപ്പായില്ല

ശ്രീകണ്ഠപുരം: ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ളൂട്ടോമേറ്റിന്‍െറ (അജിനോമോട്ടോ) ഉപയോഗം വര്‍ധിച്ചിട്ടും ഒരിടത്തുപോലും കാര്യമായ പരിശോധനയോ മറ്റ് നടപടികളോ ഉണ്ടാവുന്നില്ല. അജിനോമോട്ടോയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ അധികൃതരും കണ്ടത്തെിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ളെന്ന് മാത്രമല്ല ഭക്ഷ്യസുരക്ഷാ കമീഷണറുടെ നിര്‍ദ്ദേശം പോലും നടപ്പിലായതുമില്ല. ഭക്ഷ്യവസ്തുക്കളില്‍ മോണോ സോഡിയം ഗ്ളൂട്ടോമേറ്റ് ചേര്‍ക്കുന്നുണ്ടെന്നും ഈ ഭക്ഷണം ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ളെന്നും എഴുതിയ ബോര്‍ഡ് ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ മുന്‍ഭാഗത്തായി ജനങ്ങള്‍ കാണുംവിധം പ്രദര്‍ശിപ്പിക്കണമെന്നാണ് രണ്ടാഴ്ച മുമ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ ഉത്തരവിറക്കിയത്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നടപ്പാക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ രണ്ട് ലക്ഷം രൂപവരെ പിഴ ഈടാക്കുമെന്നും സ്ഥാപന ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാചകത്തിനായി ഉപയോഗിക്കുന്ന പച്ചക്കറികളും മറ്റ് അസംസ്കൃത വസ്തുക്കളും പാചകത്തിനു മുമ്പ് വൃത്തിയായി കഴുകി ഉപയോഗിക്കണമെന്നും കഴുകുന്നതിനായി പ്രത്യേക സൗകര്യം എല്ലാ ഹോട്ടലുകളിലും ഉണ്ടാകണമെന്നും അത്തരം സംവിധാനമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും എല്ലാ സ്ഥാപനങ്ങളും പൊതു ജനങ്ങള്‍ കാണും വിധം ഭക്ഷ്യസുരക്ഷാ ലൈസന്‍സും 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആരും തയാറായിട്ടില്ല. പല ഹോട്ടലുകളും ബേക്കറികളും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തുകയും പഴകിയവയടക്കം വില്‍പന തുടരുകയും ചെയ്യുമ്പോഴും അധികൃതര്‍ പരിശോധന പോലും നടത്താന്‍ തയാറാവാത്തത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.