തൃക്കരിപ്പൂര്‍ പോളിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം; ഏഴുപേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്നിക് കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. മൂന്ന് വിദ്യാര്‍ഥികളെ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ചുവീഴ്ത്തിയതായി പരാതി. മറ്റൊരു സംഭവത്തില്‍ നാല് പേര്‍ക്കും പരിക്കേറ്റു. കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റും ഒന്നാം വര്‍ഷ ബയോ മെഡിക്കല്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് സിറാജ് (18), യൂനിറ്റ് വൈസ് പ്രസിഡന്‍റും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ മനാഫ് അബ്ദുല്‍ മജീദ്(19), എം.എസ്.എഫ് യൂനിറ്റ് ട്രഷറര്‍ മുഹമ്മദ് മര്‍സൂഖ്(19) എന്നിവരാണ് മര്‍ദനത്തിനിരയായത്. ഒന്നര മണിക്കൂര്‍ സമയം പിടിച്ചുവെച്ച് ഇരുമ്പ് ദണ്ഡുപയോഗിച്ചും മരവടി ഉപയോഗിച്ചും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മുഹമ്മദ് സിറാജിനെ ഫിസിക്സ് ലാബില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നു. പിന്നീട് 15 പേരടങ്ങുന്ന സംഘം പാന്‍റ്സും ഷര്‍ട്ടും ഊരി വെപ്പിക്കുകയും ഒരു മണിക്കൂറോളം സാങ്കല്‍പിക കസേരയില്‍ ഇരുത്തുകയും ചെയ്തുവത്രെ. അക്രമത്തില്‍ ബോധം മറഞ്ഞ വിദ്യാര്‍ഥികളെ സഹപാഠികള്‍ തൃക്കരിപ്പൂരിലെ ആശുപത്രിയിലത്തെിക്കുകയായിരുന്നു. അക്രമത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നും അധികൃതര്‍ അക്രമികള്‍ക്ക് കുടപിടിക്കുകയാണെന്നും കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ തൃക്കരിപ്പൂര്‍ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി. കുഞ്ഞിക്കണ്ണന്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ.വി. മുകുന്ദന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ബി.പി. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു. പോളിയില്‍ എം.എസ്.എഫ് നടത്തിയ അക്രമത്തില്‍ നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എസ്.എഫ്.ഐ അറിയിച്ചു. കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മയിച്ചയിലെ ശ്യാംരാജ്(20), അക്ഷയ് വത്സരാജ് (20), ശ്രീകുമാര്‍ അമ്മാനപ്പാറ (20), ശ്യാംരാജ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന്‍, നേതാക്കളായ കെ.പി. രാജീവന്‍, പി.കെ. വിനോദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.