നവകേരള മാര്‍ച്ചിന് വരവേല്‍പ്

തലശ്ശേരി: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് തലശ്ശേരിയിലത്തെിയത് വന്‍ ജനാവലി. കെട്ടിടങ്ങള്‍ക്ക് മുകളിലും വാഹനങ്ങള്‍ക്ക് മുകളിലും നേരത്തേ ഇരിപ്പുറപ്പിച്ചതും വഴിയോരങ്ങളില്‍ കാത്തുനിന്നതുമായ പതിനായിരങ്ങള്‍ മുദ്രാവാക്യം വിളികളോടെയാണ് തിങ്കളാഴ്ച വൈകീട്ട് 5.45ന് തലശ്ശേരി നഗരത്തിലത്തെിയ മാര്‍ച്ചിനെ സ്വീകരിച്ചത്. പൈതൃക നഗരിയില്‍ ജനങ്ങളുടെ അണപൊട്ടിയൊഴുകിയ ആവേശത്തിരമാലകള്‍ക്കിടയില്‍ നവകേരള മാര്‍ച്ച് ചരിത്രഭൂമിയെ തൊട്ടു. ബാലസംഘം കുട്ടികളുടെ സ്നേഹപൂക്കള്‍, ഇശലുകളുടെ താളം, കോല്‍ക്കളി ചുവടുകള്‍, തിറയാട്ടത്തിന്‍െറ ചാരുത തുടങ്ങി എല്ലാംകൊണ്ടും വ്യത്യസ്തമായിരുന്നു തലശ്ശേരിയിലെ വരവേല്‍പ്. ചിത്രകാരന്‍ പാബ്ളോ പിക്കാസോയുടെ ഫാഷിസ്റ്റ് വിരുദ്ധ പെയിന്‍റിങ് ‘ഗെര്‍ണിക്ക’ ജാഥാംഗങ്ങള്‍ക്ക് ഉപഹാരമായി സമര്‍പ്പിച്ചു. ചമ്പാട് രാജു മാസ്റ്റര്‍ കോര്‍ണറില്‍നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് തലശ്ശേരി നിയോജക മണ്ഡലത്തിലേക്ക് മാര്‍ച്ചിനെ വരവേറ്റത്. തലശ്ശേരി മുകുന്ദ് ജങ്ഷനില്‍ ചെമ്പട ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ദഫ്മുട്ട്, തെയ്യം, വര്‍ണക്കുടകള്‍, മുത്തുക്കുടകള്‍, വനിതാ ശിങ്കാരിമേളം, കോല്‍ക്കളി, നാസിക് ബാന്‍ഡ്, ചെണ്ട തുടങ്ങിയവയോടെ ഉത്സവാന്തരീക്ഷത്തില്‍ തുറന്ന ജീപ്പിലാണ് ജാഥാ നായകനെ വേദിയിലേക്ക് ആനയിച്ചത്. ജില്ലാ സെക്രട്ടറി പി. ജയരാജനും ഒപ്പമുണ്ടായിരുന്നു. പിണറായിയെ ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍ ഹാരമണിയിച്ചു. ജാഥാ മാനേജര്‍ എം.വി. ഗോവിന്ദനെ സ്വാഗതസംഘം ചെയര്‍മാന്‍ പുഞ്ചയില്‍ നാണുവും അംഗങ്ങളായ കെ.ജെ. തോമസിനെ ടി.പി. ശ്രീധരനും പി.കെ. സൈനബയെ വി. സതിയും എ. സമ്പത്തിനെ വാഴയില്‍ ശശിയും കെ.ടി. ജലീലിനെ സി.കെ. രമേശനും ഷാള്‍ അണിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍, സി.പി. കുഞ്ഞിരാമന്‍, ഇ. വിജയന്‍ എന്നിവര്‍ ഉപഹാരം നല്‍കി. ലോക്കല്‍ കമ്മിറ്റികളും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തലശ്ശേരി മണ്ഡലത്തിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ പിണറായി ആദരിച്ചു. പാനൂര്‍: പാനൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ഒ.കെ.വാസു അധ്യക്ഷത വഹിച്ചു. എം.പിമാരായ എ. സമ്പത്ത്, പി.കെ. ബിജു, എം.ബി. രാജേഷ്, കെ.ടി. ജലീല്‍ എം.എല്‍.എ, കെ.ജെ. തോമസ്, പി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ്: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മം നല്‍കിയ പിണറായി പാറപ്രം ഉള്‍പ്പെടുന്ന ധര്‍മടം നിയോജകമണ്ഡലത്തില്‍ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് നവകേരള മാര്‍ച്ച് എത്തിയത്. കത്തുന്ന ചൂടിലും മമ്പറം ടൗണിനടുത്ത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വകയുള്ള ചെമ്മണ്‍ സ്റ്റേഡിയത്തില്‍ പതിനായിരത്തോളം പേരാണ് മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്. മട്ടന്നൂരില്‍നിന്നും അഞ്ചക്കണ്ടി വഴി മമ്പറത്ത് എത്തിച്ചേര്‍ന്ന നവകേരള മാര്‍ച്ചിനെ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് പിണറായി റെഡ് വളന്‍റിയര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു. പാര്‍ട്ടി വളന്‍റിയര്‍മാരുടെ അടമ്പടിയോടെയാണ് ജാഥാനായകനെ വേദിയിലേക്കാനയിച്ചത്. പിണറായിയുടെ സഹധര്‍മിണി കമല ടീച്ചര്‍, മകള്‍ വീണ, ചെറുമകന്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും സദസ്സില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ കെ.കെ. നാരായണന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. വിവിധ വര്‍ഗ ബഹുജന സംഘടനകള്‍ക്കു വേണ്ടിയും പാര്‍ട്ടി ഘടകങ്ങള്‍ക്കു വേണ്ടിയും പിണറായിയെ ഹാരമണിയിച്ചു. വിവിധ കാലയളവില്‍ പാര്‍ട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ പിണറായി ആദരിച്ചു. ജാഥാ ലീഡര്‍ പിണറായി വിജയന്‍, പി.കെ. ബിജു എം.പി, കെ.ടി. ജലീല്‍ എം.എല്‍.എ, പി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, എം.പിമാരായ പി.കെ. ശ്രീമതി, എം.ബി. രാജേഷ്, കെ.കെ. രാജേഷ്, എ. സമ്പത്ത് എന്നിവരും കെ.കെ. ശൈലജ, പി.കെ. സൈനബ, പി. ജയരാജന്‍, എം.വി. ജയരാജന്‍, കെ.പി. സഹദേവന്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.