കോഴിക്കോട്: സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശികസഹിതം ഫെബ്രുവരി ആറിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്ക് ചെക്കായി എത്തിക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. സൗകര്യമനുസരിച്ച് വാര്‍ഡ് തലത്തില്‍ അത് വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരപ്രാധാന്യം നല്‍കും. സംസ്ഥാനത്ത് 115 അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുടെ ഒഴിവുകളുള്ളതില്‍ 70 എണ്ണം ഈ നാലു ജില്ലകളിലാണ്. കാസര്‍കോടാണ് കൂടുതല്‍ ഒഴിവ്. ഒഴിവുകളിലേക്ക് പഞ്ചായത്ത് അധികൃതര്‍ താല്‍ക്കാലിക നിയമനം നടത്തണം. സാമ്പത്തികവര്‍ഷം അവസാനമായതിനാല്‍ അടുത്ത രണ്ടു മാസം ചീഫ് എന്‍ജിനീയറുടെ അനുവാദത്തോടെ മാത്രമേ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ അവധിയെടുക്കാവൂ. 25.76 ശതമാനമാണ് സംസ്ഥാനത്തെ പഞ്ചായത്തുകളിലെ പദ്ധതിനിര്‍വഹണ പുരോഗതി. എന്നാല്‍, പല പഞ്ചായത്തുകളും പൂര്‍ത്തീകരിച്ച പദ്ധതികള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ശരിയായ ശതമാനം ഇതിലും കൂടും. നോണ്‍ റോഡ് ഫണ്ട് ഇനത്തില്‍ ഒരുതുകയും ബാക്കിയാവാത്ത രീതിയില്‍ പദ്ധതിനിര്‍വഹണം നടത്താന്‍ അധികൃതര്‍ ശ്രദ്ധിക്കണം. പഞ്ചായത്തിലെ സ്കൂളുകള്‍, ആശുപത്രികള്‍, അങ്കണവാടികള്‍ എന്നിവ മൊത്തമായെടുത്ത് പഞ്ചായത്ത് ഫണ്ടിന്‍െറ കൂടെ എം.എല്‍.എ ഫണ്ടുകൂടി ചേര്‍ത്ത് ഒറ്റ പദ്ധതിയാക്കി അറ്റകുറ്റപ്പണികള്‍ നടത്താം. മൂന്നാംഗഡു പദ്ധതിവിഹിതം ഉടന്‍ ലഭ്യമാകും. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുവേണ്ടി എല്ലാ പഞ്ചായത്തുകളും വിശദമായ പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്തുകള്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയശേഷം ഘടകസ്ഥാപനങ്ങള്‍ക്കും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 2015-16 പദ്ധതിനിര്‍വഹണ പുരോഗതി, 2016-17 പദ്ധതി രൂപവത്കരണം, അയല്‍സഭ-ഗ്രാമകേന്ദ്രം രൂപവത്കരണം, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയാണ് അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഈ പദ്ധതി എല്ലാ പഞ്ചായത്തുകളും 2016-17 സാമ്പത്തികവര്‍ഷത്തില്‍ പൂര്‍ത്തിയാക്കണം. ടാഗോര്‍ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ സി.എ. ലത, എല്‍.എസ്.ജി.ഡി ചീഫ് എന്‍ജിനീയര്‍ സജികുമാര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ ദിവാകരന്‍പിള്ള, പഞ്ചായത്ത് ജോയന്‍റ് ഡയറക്ടര്‍ സാബുക്കുട്ടന്‍ നായര്‍, നാലു ജില്ലകളില്‍നിന്നുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റ് സൂപ്പര്‍വൈസര്‍മാര്‍, എ.ഇമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.