അതിര്‍ത്തി വനമേഖലയില്‍ മരംകൊള്ളയും വന്യജീവി വേട്ടയും തകൃതി

ശ്രീകണ്ഠപുരം: കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലകളില്‍ വന്‍തോതില്‍ മരംകൊള്ളയും വന്യജീവി വേട്ടയും വര്‍ധിച്ചു. രാപ്പകല്‍ ഭേദമന്യേ ചിലരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ വിലവരുന്ന കൂറ്റന്‍ മരങ്ങള്‍ മുറിച്ചുകടത്തുകയും വന്യജീവികളെ കള്ളത്തോക്ക് ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുമ്പോഴും വനപാലകര്‍ കര്‍ശന ഇടപെടല്‍ നടത്തുന്നില്ളെന്ന ആരോപണമുണ്ട്. പയ്യാവൂര്‍, ഏരുവേശ്ശി, നടുവില്‍, ആലക്കോട് പഞ്ചായത്തുകളുടെ ഭാഗമായ വനമേഖലകളാണ് കര്‍ണാടക അര്‍ത്തിയിലുള്ളത്. കേരളത്തിന്‍െറയും കര്‍ണാടകയുടെയും വനപാലകര്‍ അതിര്‍ത്തിയില്‍ എപ്പോഴും കാവലുണ്ടെന്നാണ് പറയുന്നതെങ്കിലും മരംകൊള്ളയും വന്യജീവി വേട്ടയും പിടികൂടുന്നത് അപൂര്‍വമായി മാത്രമാണ്. സാധാരണ മരങ്ങള്‍ കൊണ്ടുപോകുന്നതിന്‍െറ മറവിലാണ് വന്‍ വിലവരുന്ന കരിമരങ്ങളുള്‍പ്പെടെ മുറിച്ചുകടത്തുന്നത്. മര മില്ലുകളിലത്തെിച്ചാല്‍ പിന്നീട് പിടികൂടുക സാധ്യമല്ല. മരം മുറിച്ചുകടത്താന്‍ പ്രത്യേക സംഘങ്ങളും സംവിധാനങ്ങളും അതിര്‍ത്തി വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വന്യജീവി വേട്ടയുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. മുയല്‍, മലാന്‍, കാട്ടുപന്നി, ഉടുമ്പ്, വിവിധയിനം പക്ഷികള്‍, കുരങ്ങ് എന്നിവയെല്ലാം വ്യാപകമായി വേട്ടയാടുകയും ഇറച്ചിയാക്കി വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്. കള്ളത്തോക്കുകള്‍ ഉപയോഗിച്ചാണ് വന്യജീവി വേട്ട നടത്തുന്നത്. പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി, ചിറ്റാരി, ഉടുമ്പ, കുന്നത്തൂര്‍, പാടാം കവല, ആടാംപാറ, വഞ്ചിയം മേഖലകളിലും ഏരുവേശ്ശിയിലെ അരീക്കാമല, കുടിയാന്മല, വൈതല്‍മല, പൊട്ടന്‍പ്ളാവ്, കനകക്കുന്ന്, നെല്ലിക്കുറ്റി, ഏറ്റുപാറ, നടുവില്‍, പുലിക്കുരുമ്പ എന്നിവിടങ്ങളിലെല്ലാം അതിര്‍ത്തി വനമേഖലകളില്‍ വന്യജീവി വേട്ട സംഘങ്ങള്‍ എത്തുന്നുണ്ട്. പുറമെനിന്നത്തെുന്ന സംഘങ്ങളായതിനാല്‍ വനാന്തരത്തില്‍ കൂറ്റന്‍ ഏറുമാടങ്ങള്‍ കെട്ടി താമസിക്കുന്നതും പതിവാണ്. മരംമുറിയും വന്യജീവി വേട്ടയും ഒന്നിച്ചു നടത്തുന്ന സംഘങ്ങളും മേഖലയിലുണ്ട്. രണ്ടുമാസം മുമ്പ് പയ്യാവൂര്‍ ആടാംപാറയില്‍നിന്നും കുരങ്ങിന്‍െറ ഇറച്ചിയും നാടന്‍ തോക്കും തിരകളും സഹിതം രണ്ടുപേരെ വനപാലകര്‍ പിടികൂടി ജയിലിലടച്ചിരുന്നു. കാലങ്ങളായി വന്യജീവി വേട്ട നടത്താറുണ്ടെന്ന കാര്യം അന്ന് അവര്‍ സമ്മതിച്ചിരുന്നു. കാഞ്ഞിരക്കൊല്ലിയില്‍നിന്നും മണിക്കടവില്‍നിന്നും മൂന്നുതവണ കഴിഞ്ഞ വര്‍ഷം മലാന്‍െറയും മുയലിന്‍െറയും ഇറച്ചിയുമായി നാലുപേരെ വനപാലകര്‍ പിടികൂടിയിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങുന്ന സംഘം തുടര്‍ന്നും വന്യജീവി വേട്ട നടത്തുക പതിവാണ്. വഞ്ചിയത്ത് രണ്ടുവര്‍ഷം മുമ്പ് വന്യജീവി വേട്ടക്ക് രാത്രിയില്‍ പോയ സഹോദരങ്ങളില്‍ ഒരാള്‍ മൃഗമാണെന്ന് കരുതി സഹോദരനെ വെടിവെച്ചുകൊന്നത് ഏറെ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു. അബദ്ധത്തിലാണ് വെടിവെച്ചതെന്ന് വനപാലകര്‍ തന്നെ പറഞ്ഞെങ്കിലും വനമേഖലയില്‍ നടക്കുന്ന കൊള്ളകളും വന്യജീവി വേട്ടയും നിര്‍ത്താന്‍ തുടര്‍നടപടി സ്വീകരിച്ചില്ല. രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനത്തോടെ കാലങ്ങളായി മരംകൊള്ളയും വന്യജീവി വേട്ടയും നടത്തി കോടികള്‍ കൊയ്തെടുത്തവര്‍ മലയോര മേഖലയിലുണ്ട്. പിടികൂടുമ്പോള്‍ ഏതെങ്കിലും സാധാരണക്കാരനെ ബലിയാടാക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. അതിര്‍ത്തി വനമേഖലയില്‍ ചാരായവാറ്റ് കേന്ദ്രങ്ങളും നിരവധി പ്രവര്‍ത്തിക്കുന്നുണ്ട്. വനം-എക്സൈസ്-പൊലീസ് റെയ്ഡ് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുണ്ടെങ്കിലും പലപ്പോഴും അവ പ്രഹസനമാകാറാണ് പതിവ്. മരംകൊള്ളയും വന്യജീവി വേട്ടയും നടക്കുന്ന വിവരം അറിയിച്ചാല്‍ പോലും അധികൃതര്‍ തിരിഞ്ഞുനോക്കാറില്ളെന്ന് കുടിയേറ്റ കര്‍ഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.