മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പാപ്പിനിശ്ശേരി മേല്‍പാലം സന്ദര്‍ശിക്കും

പാപ്പിനിശ്ശേരി: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ചൊവ്വാഴ്ച പാപ്പിനിശ്ശേരി മേല്‍പാലം പ്രവൃത്തി വിലയിരുത്താനായി സ്ഥലം സന്ദര്‍ശിക്കും. 2013 ജനുവരി 22ന് മേല്‍പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്ത ശേഷം ഇതേവരെ പ്രവര്‍ത്തി വിലയിരുത്തുന്നതിന് വകുപ്പ് മന്ത്രിയോ മറ്റോ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഇത് പ്രദേശവാസികളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എടുത്ത തീരുമാനങ്ങളും നടപ്പാക്കിയിട്ടുമില്ല. 2014 ല്‍ പൂര്‍ത്തിയാക്കേണ്ട പ്രവൃത്തി തുടക്കത്തില്‍തന്നെ കരാറുകാരന് ഒരു വര്‍ഷം കൂടി നീട്ടി നല്‍കുകയാണുണ്ടായത്. ഈ ഭരണകാലത്തുതന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള ധാരണയിലാണ് പ്രവൃത്തി നീട്ടിനല്‍കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കരാറുകാരന്‍െറ ഭാഗത്തുനിന്നുമുള്ള വീഴ്ചയില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കെ.എസ്.ടി.പി കാര്യമായ നടപടികളൊന്നും എടുക്കാതെ വീണ്ടും കരാറുകാരന് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനുള്ള കാലാവധി ജൂണ്‍ വരെ നീട്ടി കൊടുക്കുകയാണുണ്ടായത്. യു.ഡി.എഫ് ഭരണകാലത്ത് തുടക്കമിട്ട എല്ലാ പദ്ധതികളും ഈ ഭരണകാലത്തുതന്നെ പൂര്‍ത്തീകരിക്കുമെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നെങ്കിലും പാപ്പിനിശ്ശേരി മേല്‍പ്പാലം പ്രവര്‍ത്തിയെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ കടുത്ത പരാതിയുയര്‍ന്നിരുന്നു. കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രവൃത്തിയെടുത്താല്‍ മാര്‍ച്ച് മാസം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമായിരുന്ന പ്രവൃത്തിയാണ് മൂന്നുമാസം കൂടി കാലാവധി നീട്ടിയത്. റെയില്‍വേ ഗേറ്റിന്‍െറ ഇരുഭാഗത്തുമുള്ള കുടുംബങ്ങളുടെയും മറ്റും യാത്രാദുരിതത്തിന് തുരങ്കമുള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തീരുമാനിച്ചെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല. മേല്‍പാലം പ്രവൃത്തി ആരംഭിച്ചതോടെ മിക്ക കച്ചവടസ്ഥാപനങ്ങളും അടച്ചതിനാല്‍ അവരും ദുരിതത്തിലാണ്. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വേണ്ടവിധം ഇടപെടാത്തതിനാല്‍ പരക്കെ ആക്ഷേപമുള്ള സാഹചര്യത്തിലാണ് വകുപ്പു മന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത്. തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയതാണ് മേല്‍പാലം പണി പൂര്‍ത്തിയാകാതെ പോയത്. ഇപ്പോള്‍ പ്രവൃത്തിയുടെ വേഗത കൂട്ടിയെങ്കിലും മാര്‍ച്ചിനുമുമ്പെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.