നിടുംപൊയില്‍ ചുരം റോഡിലെ സ്വര്‍ണ കവര്‍ച്ച; അന്വേഷണം മറ്റ് ജില്ലകളിലേക്ക്

കേളകം: നിടുംപൊയില്‍-മാനന്തവാടി അന്തര്‍ സംസ്ഥാന ചുരം പാതയിലെ 29ാം മൈലിന് സമീപം സ്വര്‍ണ വ്യാപാരിയെ കെട്ടിയിട്ട് 162 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കല്‍പറ്റയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കല്‍പറ്റയിലെ സ്വര്‍ണ വ്യാപാരി കുന്നുമ്മല്‍ ഷൈജലാണ് കവര്‍ച്ചക്കിരയായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ വെളുത്ത ഇന്നോവ കാറിലത്തെിയ നാലംഗ സംഘം കൈയും വായയും മൂടിക്കെട്ടി റോഡിന്‍െറ സമീപത്തെ കുഴിയിലേക്ക് തള്ളിയ ശേഷം മാരുതി കാറിലുണ്ടായിരുന്ന 900 ഗ്രാം സ്വര്‍ണാഭരണങ്ങളും 400 ഗ്രാം സ്വര്‍ണക്കട്ടിയും ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു. കേസന്വേഷണ ചുമതലയുള്ള മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ഉത്തംദാസ്, പേരാവൂര്‍ സര്‍ക്കിള്‍ ഓഫിസിലെ എസ്.ഐ കെ.എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 29ാം മൈല്‍ നാലാം വളവിലത്തെി തെളിവെടുപ്പ് നടത്തി. സമീപസ്ഥലമായ സെമിനാരി വില്ലയില്‍ നിന്ന് കവര്‍ച്ചാ സംഘം ഉപേക്ഷിച്ച ബാഗ് കണ്ടത്തെി. സംഭവം നടന്ന ശേഷം സ്ഥലത്തുകൂടി കടന്നുപോയ മില്‍മ വാഹനത്തിലെ ഡ്രൈവറില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പൊലീസ് തെളിവെടുത്തു. നിടുംപൊയില്‍ ചുരം റോഡിന്‍െറ പാര്‍ശ്വഭാഗത്ത് പ്രവര്‍ത്തിക്കുന്ന, മുമ്പ് മാവോവാദി അക്രമം നടന്ന ന്യൂഭാരത് ക്രഷറിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച വാഹനം തിരിച്ചറിയുന്നതിനായിരുന്നു കാമറ പരിശോധിച്ചതെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലും വന്‍ സ്വര്‍ണ കവര്‍ച്ചയുണ്ടായിരുന്നു. സമാന കേസുകളുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടത്തുന്നുണ്ട്. കവര്‍ച്ചക്കിരയായ ഷൈജലിനെ ഇരിട്ടിയില്‍ വിളിച്ചുവരുത്തി ഡി വൈ.എസ്.പി പി. സുകുമാരന്‍െറ നേതൃത്വത്തില്‍ വിശദമായി മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.