പാപ്പിനിശ്ശേരി –പിലാത്തറ റോഡ് നവീകരണം നീളുന്നു

ചെറുകുന്ന്: വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ പാപ്പിനിശ്ശേരി- പിലാത്തറ റോഡ് നവീകരണം നീളുന്നു. കെ.എസ്.ടി.പി പദ്ധതിയില്‍പെടുന്ന പാപ്പിനിശ്ശേരി മുതല്‍ പിലാത്തറ വരെയുള്ള റോഡ് നവീകരണം നീളുന്നതായി ആക്ഷേപം. രണ്ടു മേല്‍പാലത്തിന് 40 കോടിയടക്കം 118.3 കോടിയുടെതാണ് പദ്ധതി. റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റു ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് രണ്ടാഴ്ചക്കു ശേഷം വീണ്ടും കിളച്ചു മാറ്റിയിരിക്കയാണ്. എക്സ്കവേറ്റര്‍ ഉപയോഗിച്ചാണ് കിളച്ചു മാറ്റുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാനായാണ് ഇപ്പോഴത്തെ കിളക്കല്‍. ടാറിങ്ങിനു മുമ്പെ റോഡ് ബലപ്പെടുത്തുന്നതിനായി റോഡരികില്‍ നടത്തിയ കോണ്‍ക്രീറ്റാണ് കിളച്ചുമറിച്ചത്. നിലവില്‍ റോഡിന്‍െറ ഉള്‍ഭാഗത്തിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് ഒരു മീറ്ററിലധികം വീതിയില്‍ കുഴിയെടുക്കുന്നത്. വൈദ്യുതി തൂണുകള്‍ റോഡുകളില്‍ നിലനിര്‍ത്തിയാണ് നേരത്തേ കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തിയാക്കിയിരുന്നത്. തൂണുകള്‍ നീക്കം ചെയ്യുമ്പോള്‍ റോഡുകളും ഓവുചാലുകളും വീണ്ടും തകരും. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പഴയ ലൈനുകളാണ് ഇതു വഴി കടന്നു പോകുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ 600 മീറ്ററോളം ദൂരത്തിലുള്ള കോണ്‍ക്രീറ്റാണ് ഇപ്പോള്‍ കിളച്ചു മാറ്റിയത്. ഇതുകൂടാതെ ബി.എസ്.എന്‍.എല്‍ പുതുതായി നേവല്‍ അക്കാദമിയിലേക്ക് അനുവദിച്ച ടെലിഫോണ്‍ ലൈനിനായും റോഡ് കീറുന്നുണ്ട്. പ്രവൃത്തിക്കിടെ ബി.എസ്.എന്‍.എല്‍. ലൈന്‍ മുറിഞ്ഞതിനാല്‍ നിരവധി തവണ ടെലിഫോണ്‍ ബന്ധം താറുമാറായി. എല്ലാതടസ്സങ്ങളും നീക്കി പ്രവൃത്തി സുഗമമായി നടത്തികൊണ്ടുപോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടത് കെ.എസ്.ടി.പിയുടെ ബാധ്യതയാണെന്നതാണ് കരാര്‍ വ്യവസ്ഥയെന്നറിയുന്നു. ഇതും റോഡു പ്രവൃത്തി ഇഴഞ്ഞുനീങ്ങാന്‍ കാരണമായി. കൂടാതെ കരാറുകാരന്‍ ലക്ഷക്കണക്കിന് രൂപയുടെ പ്രവൃത്തി വര്‍ധിപ്പിച്ചതായും ആക്ഷേപമുണ്ട്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ ധാരാളം പ്രയാസങ്ങള്‍ നേരിടുന്നതായി കറാറുകാരന്‍ പരാതിപ്പെടുന്നു. ചെറുകുന്ന്-കണ്ണപുരം പഞ്ചായത്തുകളിലൂടെ പ്രധാന കേന്ദ്രമായ കതിരുവെക്കും തറ ടൗണ്‍ ഭാഗത്തെ നവീകരണ പ്രവര്‍ത്തനം ഡിസംബര്‍ 31ഓടെ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. 10 മീറ്റര്‍ വീതിയിലാണ് പുതിയ റോഡ് ടാര്‍ ചെയ്തു നിര്‍മിക്കുന്നത്. എന്നാല്‍, അധികൃതര്‍ക്ക് ഇക്കാര്യത്തിലും ദീര്‍ഘവീക്ഷണമില്ളെന്ന് പരക്കെ ആക്ഷേപമുണ്ട്. മേല്‍പാലവും റോഡും പണി പൂര്‍ത്തിയാകുന്നതോടെ ഇതുവഴി വാഹന ഗതാഗതം വളരെ കൂടുതല്‍ വര്‍ധിക്കും. ഇതു മുന്‍കൂട്ടി കണ്ട് റോഡുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാന്‍ നിലവിലുള്ള എസ്റ്റിമേറ്റില്‍ തുക വകയിരുത്തിയിട്ടില്ല. സുരക്ഷിതമായ റോഡും ഗതാഗത നിയന്ത്രണവും കൊണ്ടുവരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.