കോര്‍പറേഷന്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം

കണ്ണൂര്‍: പുതിയ മാസ്റ്റര്‍ പ്ളാന്‍ ഇല്ലാത്തത് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പുതിയ വീടു നിര്‍മിക്കുന്നവര്‍ക്കും വീട് വിപുലീകരിക്കുന്നവര്‍ക്കും കോര്‍പറേഷനില്‍നിന്ന് അനുമതി ലഭിക്കുന്നില്ല. വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ ലഭിക്കുന്നതിനും ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുകയാണ്. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ നഗരസഭാ പരിധിയിലാണ് വീടു നിര്‍മാണം ഉള്‍പ്പെടെയുള്ളവക്ക് ഏറെ പ്രയാസം നേരിടുന്നത്. കൊടപ്പറമ്പില്‍ നിരവധി പേര്‍ക്ക് വീട് നിര്‍മിക്കാന്‍ അനുമതി നിഷേധിച്ചു. ഈ പ്രദേശത്തുതന്നെ പലര്‍ക്കും റോഡില്‍നിന്ന് വിട്ടുനല്‍കേണ്ട സ്ഥലത്തിന്‍െറ അളവ് പലതായാണ് കുറിച്ചു നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ചു പരാതിപ്പെട്ടപ്പോള്‍ പുതിയ പ്ളാന്‍ വന്നതിനു ശേഷം അനുമതി നല്‍കാമെന്ന് പറയുകയായിരുന്നു. കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്‍െറ അവസാന കാലത്ത് സമഗ്ര വികസനം മുന്‍ നിര്‍ത്തി മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയിരുന്നു. വികസന സെമിനാറുകള്‍ നടത്തിയായിരുന്നു ഇതിന്‍െറ രൂപരേഖ ഉണ്ടാക്കിയത്. എന്നാല്‍, നഗരത്തിലേതുള്‍പ്പെടെ നിരവധി കടകള്‍ക്കും വീടുകള്‍ക്കും ദോഷമായി ബാധിക്കുമെന്നതിനാല്‍ ഇതു അംഗീകരിക്കുന്നതിനെ ലീഗ് എതിര്‍ത്തു. ഇതോടെ ഭരണകക്ഷികളായ ലീഗും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ കോര്‍പറേഷന്‍ രൂപപ്പെട്ടതോടെ ഈ മാസ്റ്റര്‍ പ്ളാന്‍ ഉപയോഗിക്കുന്നതിന് സാധുതയില്ളെന്ന അവസ്ഥയും വന്നു. ഇതേ തുടര്‍ന്ന് മാസ്റ്റര്‍ പ്ളാന്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. ഈ തീരുമാനം അംഗീകരിച്ചാല്‍ മാത്രമേ കണ്ണൂര്‍ കോര്‍പറേഷന് പുതിയ മാസ്റ്റര്‍ പ്ളാന്‍ രൂപവത്കരിക്കാനാവുകയുള്ളൂ. ടൗണ്‍ പ്ളാനര്‍ക്കാണ് മാസ്റ്റര്‍ പ്ളാന്‍ രൂപവത്കരിക്കുന്നതിനുള്ള ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.