മൂലക്കീല്‍ കടവ് പാലം നിര്‍മാണത്തിന് തിരിച്ചടി

പയ്യന്നൂര്‍: ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്‍െറ കടുംപിടിത്തം കാരണം മൂലക്കീല്‍ കടവ് പാലത്തിന്‍െറ നിര്‍മാണം അനിശ്ചിതത്വത്തില്‍. പാലത്തിന്‍െറ ഉയരവും നീളവും വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് നിര്‍മാണത്തിന് തിരിച്ചടിയായത്. 2014ല്‍ 14 കോടി 20 ലക്ഷം രൂപ ചെലവില്‍ വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു. ഇതിന്‍െറ ഭരണാനുമതിക്കുവേണ്ടി കാത്തിരിക്കേയാണ് രൂപരേഖ മാറ്റണമെന്നാവശ്യപ്പെട്ട് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയത്. ഇതുപ്രകാരം പാലത്തിന്‍െറ നീളം 410 മീറ്ററും ഉയരം 10 മീറ്ററുമായി ഉയര്‍ത്തണം. ഉയരവും നീളവും സ്പാനുകള്‍ തമ്മിലുള്ള അകലവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടതോടെ രൂപരേഖ മാറ്റി എസ്റ്റിമേറ്റ് പുതുക്കേണ്ടിവരും. ഇതാണ് പാലം നിര്‍മാണം അനിശ്ചിതത്വത്തിലാക്കിയത്. പാലക്കോട് പുഴക്ക് കുറുകെ തന്നെ നിര്‍മിച്ച മുട്ടം-പാലക്കോട് പാലത്തിന്‍െറയും പുതിയ പുഴക്കര പാലത്തിന്‍െറയും ഉയരം എട്ട് മീറ്റര്‍ മാത്രമാണുള്ളത്. ഈ പാലത്തിന്‍െറ മാത്രം ഉയരവും വീതിയും വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം പാലം തന്നെ ഇല്ലാതാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. 2010ലെ ഡിസൈന്‍ അംഗീകരിച്ചുകൊണ്ടുള്ള ക്ളിയറന്‍സ് ആവശ്യപ്പെട്ട് പി.ഡബ്ള്യു.ഡി ബ്രിഡ്ജസ് വിഭാഗം എന്‍ജീനിയര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍െറ നിരുത്തരവവാദ സമീപനമാണ് രാമന്തളി-മാടായി പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്‍െറ നിര്‍മാണം നീളാന്‍ കാരണമെന്നാണ് ആരോപണം. 2008ലാണ് പാലത്തിന്‍െറ നിര്‍മാണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. സര്‍ക്കാറിന്‍െറ പ്രത്യേക ഉത്തരവിലൂടെ സര്‍വേക്ക് നിര്‍ദേശിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സര്‍വേ പൂര്‍ത്തിയാക്കുകയും 510 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു. എന്നാല്‍, നിര്‍മാണം തുടങ്ങാനായില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പല പ്രാവശ്യം എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും ഭരണാനുമതി ലഭിക്കാതെ നിര്‍മാണം നീണ്ടു. 2009ല്‍ ബോറിങ്, മണ്ണ് പരിശോധന, ഭേദഗതി അംഗീകരിക്കല്‍ എന്നീ നടപടികള്‍ പൂര്‍ത്തിയാക്കി 2010ല്‍ രൂപരേഖ തയാറാക്കി. എന്നാല്‍, സമീപ റോഡുകളുടെ സ്ഥലം ലഭിക്കാതെ പാലംപണി തുടങ്ങേണ്ടതില്ളെന്ന സര്‍ക്കാര്‍ നിര്‍ദേശം വീണ്ടും തിരിച്ചടിയായി. ഇതത്തേുടര്‍ന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് സ്ഥലം ലഭ്യമാക്കി. ഇരുവശത്തും സ്ഥലം ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പാലം നിര്‍മാണം തുടങ്ങാനായില്ല. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്‍െറ ഇടപെടലാണ് തിരിച്ചടിയായത്. രാമന്തളി-മാടായി ഗ്രാമപഞ്ചായത്തുകളിലെ അവികസിതമായ നിരവധി പ്രദേശങ്ങളുടെ യാത്രാദുരിതത്തിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ കാരണം തകരുന്നത്. ഗതാഗത സൗകര്യത്തിന് പുറമെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകള്‍ക്കും പാലം ഏറെ പ്രയോജനകരമാണ്. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് തുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് ജലരേഖയായത്. 2014ല്‍ മുഖ്യമന്ത്രി തന്നെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് എസ്റ്റിമേറ്റ് അംഗീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രത്യേക ഉത്തരവിലൂടെ നല്‍കിയ ഈ സന്ദേശം കൂടിയാണ് വെള്ളത്തിലായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകാത്തപക്ഷം പാലംപണി വീണ്ടും നീളുമെന്നും അതുകൊണ്ട് ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.