പട്ടികജാതി കോളനികളില്‍ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനം

കണ്ണൂര്‍: ജില്ലയിലെ 47 പട്ടികജാതി കോളനികളിലെ പൊതുകെട്ടിടങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശിപാര്‍ശ ചെയ്ത 41 പഞ്ചായത്തുകളിലെ കോളനികളുടെ ലിസ്റ്റ് യോഗം അംഗീകരിച്ചു. ജില്ലയില്‍ വിഷരഹിത പച്ചക്കറി പദ്ധതി നടപ്പിലാക്കാന്‍ സമഗ്രമായ പദ്ധതി തയാറാക്കാന്‍ ആലോചിക്കുന്നതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് കാരായി രാജന്‍ അറിയിച്ചു. ഗ്രാമ, ബ്ളോക് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ഇതിനായി വിശദമായ പദ്ധതി തയാറാക്കും. 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി വകയിരുത്തുക. ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്‍െറ മൂന്നുമീറ്റര്‍ സ്ഥലം മാത്രം റോഡ് വികസനത്തിനായി വിട്ടുനല്‍കിയാല്‍ മതിയെന്ന വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശം യോഗം അംഗീകരിച്ചു. അഞ്ചു മീറ്റര്‍ സ്ഥലം വിട്ടുനല്‍കിയാല്‍ വെറ്ററിനറി കേന്ദ്രത്തിന്‍െറ ജലലഭ്യതയെ ബാധിക്കുമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു പറഞ്ഞു. പഞ്ചായത്ത് ജീവനക്കാരുടെ സൊസൈറ്റിക്ക് ജില്ലാ വികസന കേന്ദ്രത്തില്‍ സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. ഇക്കാര്യത്തില്‍ സമയബന്ധിതമായി തീരുമാനമുണ്ടാകണമെന്ന് സണ്ണി മേച്ചേരി, തോമസ് വര്‍ഗീസ്, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. നിലവിലുളള സ്ഥിതി സംബന്ധിച്ച് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം ലഭിക്കേണ്ടതുണ്ടെന്നും അത് പരിശോധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കുമെന്നും പ്രസിഡന്‍റ് മറുപടി നല്‍കി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ചെയര്‍മാന്മാരായ പി.പി. ദിവ്യ, വി.കെ. സുരേഷ് ബാബു, കെ. ശോഭ, ടി.ടി. റംല, കെ.വി. സുമേഷ് എന്നിവര്‍ അവതരിപ്പിച്ചു. ജില്ലാ പ്ളാന്‍ കോഓഡിനേറ്ററായി ജില്ലാ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് കെ.വി. ഗോവിന്ദനെ യോഗം നിശ്ചയിച്ചു. കര്‍മസമിതി പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും യോഗം അംഗീകരിച്ചു. ചര്‍ച്ചയില്‍ അജിത് മാട്ടൂല്‍, പി.പി. ഷാജിര്‍, ആര്‍. അജിത, പി. ഗൗരി, കെ. നാണു തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.