ഗുണ്ടാനിയമ പ്രകാരം അറസ്റ്റ്: പ്രതിഷേധവുമായി സി.പി.എം

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ളോക് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വി.കെ. നിഷാദിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അറസ്റ്റ്് ചെയ്തതില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജില്ലയിലെ പൊലീസ് സി.പി.എമ്മിനെ അടിച്ചമര്‍ത്തുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഇത്തരത്തിലുള്ള നടപടിക്ക് വിധേയമാക്കാനാണ് പൊലീസിന്‍െറ നീക്കം. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൊലീസ് ഗുണ്ടാ ആക്ട് ദുര്‍വിനിയോഗം ചെയ്യുകയാണ്. തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. നിഷാദിനെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധ നടപടിയിലൂടെയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥക്ക് വിധേയമായി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയ അവസരത്തിലാണ് പയ്യന്നൂര്‍ സി.ഐ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്. ജില്ലയിലെ വിവിധ മേഖലകളില്‍ പാര്‍ടി പ്രവര്‍ത്തകന്മാരുടെ ലിസ്റ്റ്് പൊലീസ് തയാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഏകപക്ഷീയമായ ഇത്തരം നടപടികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തെ തന്നെ തടയുന്നതാണ്. അതിനാല്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് പൊലീസ് പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിഷാദിനെ ഗുണ്ടാനിയമം ഉപയോഗിച്ച് ജയിലിലടച്ചതില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഗുണ്ടാനിയമത്തിന്‍െറ ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാവണം. ദുരുപയോഗം തടയുമെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് ബാധ്യതയുണ്ട്. യു.ഡി.എഫിന്‍െറ കൈയില്‍നിന്ന് വാങ്ങിയ ലിസ്റ്റിന്‍െറ അടിസ്ഥാനത്തിലുള്ള നടപടി അവസാനിപ്പിക്കാന്‍ പൊലീസ് അടിയന്തരമായി തയാറാവണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ നിര്‍ബന്ധിതമാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബ്ളോക്, മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.