പള്‍സ് പോളിയോ മരുന്ന് വിതരണം 17ന്

കണ്ണൂര്‍: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 17ന് ജില്ലയില്‍ നടത്താന്‍ ടാസ്ക് ഫോഴ്സ് യോഗം തീരുമാനിച്ചു. അഞ്ചുവയസ്സിന് താഴെയുള്ള 1,89,833 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ എന്‍.ജി.ഒകളും നേതൃത്വം നല്‍കും. നിശ്ചിത ദിവസം തുള്ളിമരുന്ന് നല്‍കാന്‍ കഴിയാത്തവര്‍ക്ക് 21നുള്ളില്‍ വളന്‍റിയര്‍മാര്‍ വീടുകളിലത്തെി മരുന്നുനല്‍കും. 125 കുട്ടികള്‍ക്ക് ഒരു ബൂത്ത് എന്ന രീതിയില്‍ ജില്ലയില്‍ 1519 ബൂത്തുകളാണ് സജ്ജീകരിക്കുക. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലായി 55 ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക് 154 മൊബൈല്‍ ടീമുകളുമുണ്ടാകും. മന്തുരോഗവുമായി ബന്ധപ്പെട്ട് ട്രാന്‍സ്മിഷന്‍ അസസ്മെന്‍റ് സര്‍വേ നടത്താനും തീരുമാനമായി. 10 വര്‍ഷമായി നടത്തുന്ന സമൂഹ മന്തുരോഗ ചികിത്സാ പരിപാടി രോഗസംക്രമണം തടയാന്‍ ഫലപ്രദമാണെന്നു കണ്ടതിനെ തുടര്‍ന്നാണ് ഇത്തവണ മരുന്ന് നല്‍കുന്നത് ഒഴിവാക്കിയത്. ജില്ലയില്‍ 88 ശതമാനം പേരും കഴിഞ്ഞ വര്‍ഷം മരുന്നുപയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ട് ഇവാല്യുവേഷന്‍ യൂനിറ്റുകള്‍ രൂപവത്കരിക്കും. തളിപ്പറമ്പ്, അഴീക്കോട്, വളപട്ടണം, ചിറക്കല്‍ എന്നിവ ഹൈ റിസ്ക് പ്രദേശങ്ങളായി കണ്ടത്തെിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഡി.എം ഒ.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.പി.കെ. ബേബി, ഡോ.ശ്രീനാഥ്, ഡോ. പി.എം. ജ്യോതി, ഡോ.എം.കെ. ഷാജ്, ടി.വി. അഭയന്‍, കെ.വി. അജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.