നവീകരണം പൂര്‍ത്തിയായി: പ്രതാപം വീണ്ടെടുത്ത് കോട്ടയം ചിറ

കൂത്തുപറമ്പ്: ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസ്സുകളിലൊന്നായ കോട്ടയം ചിറക്ക് ശാപമോക്ഷം. നവീകരിച്ച കോട്ടയം ചിറ ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും. കോട്ടയം രാജവംശത്തിന്‍െറ അധീനതയില്‍ നിര്‍മിക്കപ്പെട്ട ജലാശയത്തിന് നാല് നൂറ്റാണ്ട് കാലപ്പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. കോട്ടയം രാജവംശത്തിന്‍െറ പ്രധാന ആരാധനാ മൂര്‍ത്തികളിലൊന്നായിരുന്ന തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കോട്ടയം ചിറ രൂപപ്പെട്ടതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 12 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടന്നിരുന്ന ചിറ നാടിന് ജലസമൃദ്ധി ഒരുക്കുന്നതിലും കാര്‍ഷിക മേഖലയുടെ പുരോഗതിക്കും വലിയ പങ്കുവഹിച്ചു. എന്നാല്‍, രാജഭരണം അവസാനിച്ചതോടെ ചിറയുടെ പ്രതാപം നഷ്ടപ്പെടുകയായിരുന്നു. പതിറ്റാണ്ടുകളോളം പരിചരിക്കാനാളില്ലാത്തതിനത്തെുടര്‍ന്ന് ചളിയും മണ്ണും നിറഞ്ഞും ആഫ്രിക്കന്‍ പായല്‍ മൂടിയും ചിറ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ വലിയൊരു ഭാഗം കൈയേറ്റത്തിനും വിധേയമായിരുന്നു. കരപ്പറമ്പായി മാറിയിരുന്ന ചിറയുടെ ചെറിയൊരു ഭാഗത്ത് മാത്രമേ ഏതാനും വര്‍ഷം മുമ്പുവരെ വെള്ളമുണ്ടായിരുന്നുള്ളു. അതാകട്ടെ മാലിന്യം നിറഞ്ഞ് പരിസരം മുഴുവന്‍ ദുര്‍ഗന്ധം പരത്തുന്ന തരത്തിലായിരുന്നു. സമീപത്തെ കിണറുകളില്‍ കുടിവെള്ളംപോലും മലിനമാകുന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ കോട്ടയം പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കര്‍മസമിതിയുണ്ടാക്കി നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ചിറ നവീകരിക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് സ്ഥലം എം.എല്‍.എ കൂടിയായ കൃഷി മന്ത്രി കെ.പി. മോഹനന്‍ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടതോടെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാറിന്‍െറ സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടയം ചിറ നവീകരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും നവീകരണ പ്രവൃത്തിയുടെ ആരംഭവും 2012 സെപ്റ്റംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചിരുന്നത്. അഞ്ചു കോടിയോളം രൂപ ചെലവില്‍ കേരള ലാന്‍ഡ് ഡവലപ്മെന്‍റ് കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. അവസാനഘട്ട പ്രവൃത്തിയായ സൗന്ദര്യവത്കരണം കൂടി പൂര്‍ത്തിയായതോടെ കോട്ടയം ചിറയുടെ മുഖച്ഛായതന്നെ മാറിയിരിക്കുകയാണ്. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കൂത്തുപറമ്പിന് അക്ഷയഖനിയായി മാറുകയാണ് കോട്ടയം ചിറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.