കണ്ണൂര്‍: വനിതകളെ സ്വയം പര്യാപ്തരാക്കുന്നതിന് നടപ്പാക്കിയ ആട് ഗ്രാമം പദ്ധതിക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ മികച്ച നേട്ടം. നാല് ആടുകളെ വീതം വെച്ചു തുടങ്ങിയ യൂനിറ്റുകളില്‍ ആടുകളുടെ എണ്ണം നാലിരട്ടിയിലേറെയായി വര്‍ധിച്ചതോടെ അംഗങ്ങള്‍ക്ക് 75000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമാണ് ലഭ്യമാകുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ പദ്ധതി തുടങ്ങിയത്. തുടക്കത്തില്‍ ഒരു യൂനിറ്റിലെ ഓരോ അംഗവും നാലു വീതം ആടുകളെയാണ് വളര്‍ത്തിയിരുന്നത്. ഇന്ന് 22 ആടുകളെ വരെ വളര്‍ത്തുന്നവരുണ്ട്. തുടക്കത്തില്‍ ആകെ 20 ആടുകളുണ്ടായിരുന്ന തനിമ യൂനിറ്റിന് ഇപ്പോള്‍ 50 ആടുകളാണ് ഉള്ളത്. ആറു യൂനിറ്റുകളാണ് പഞ്ചായത്തില്‍. ഒരു യൂനിറ്റിന് ഒന്നര ലക്ഷം രൂപയാണ് ലോണനുവദിക്കുക. അഞ്ചു വനിതകളടങ്ങുന്ന ഗ്രൂപ്പില്‍ ഒരാള്‍ക്ക് ചുരുങ്ങിയത് നാല് വീതം ആടുകള്‍ ഉണ്ടാവണം. അമ്പതിനായിരം രൂപ കുടുംബശ്രീ മിഷന്‍ സബ്സിഡിയായി നല്‍കും. 13 തവണ തുടര്‍ച്ചയായി സ്വരാജ് ട്രോഫിയും രണ്ട് തവണ ദേശീയ അവാര്‍ഡും നേടിയ ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് വനിതാ സ്വയംപര്യാപ്തതയിലേക്കുള്ള നാഴികക്കല്ലാകാന്‍ പദ്ധതിക്കു കഴിഞ്ഞതായി സി.ഡി.എസ് ചെയര്‍പേഴ്സന്‍ കെ. ഷീബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.