കണ്ണൂര്‍: താളമേളപ്പെരുക്കങ്ങളുടെ ഓര്‍മകളിലാണ് അവരിരുവരും കലോത്സവ വേദിയില്‍ കണ്ടുമുട്ടിയത്. കൊട്ടിക്കയറുമ്പോള്‍ താളം മുറുകുന്നതുപോലെ വര്‍ഷങ്ങള്‍ പിന്നിലേക്ക് പാഞ്ഞു. തബല വാദകനും ഒട്ടേറെ ശിഷ്യസമ്പത്തിന് ഉടമയുമായ ഉസ്താദ് ഹാരിസ് ബായിയും ശിഷ്യനും ആദ്യത്തെ സംസ്ഥാന തബല ജേതാവുമായ സി.ആര്‍. ശ്രീകുമാറുമാണ് ജില്ലാ കലോത്സവ വേദിയില്‍ ഓര്‍മകള്‍ വിവരിച്ചത്. നേരത്തേ കലോത്സവങ്ങളില്‍ തബലയും മൃദംഗവും ഒറ്റ ഇനമായിരുന്നു. 1987 മുതലാണ് വെവ്വേറെയാക്കിയത്. 1986-87ല്‍ തബലയും മൃദംഗവും ഒന്നിച്ച് മത്സരിച്ചപ്പോഴും 1987-88ല്‍ തബല മാത്രമായപ്പോഴും സംസ്ഥാനതലത്തില്‍ ഒന്നാമതത്തെിയത് ഉസ്താദിന്‍െറ ശിഷ്യനായ നിര്‍മലഗിരി ചെമ്പുകാട്ടില്‍ ഇല്ലത്തെ സി.ആര്‍. ശ്രീകുമാര്‍ ആണ്. രാമവിലാസം എച്ച്.എസ്.എസ് സംസ്കൃതം അധ്യാപകന്‍ കൂടിയായ ശ്രീകുമാര്‍ നേരത്തേ കോഴിക്കോട് ജില്ലയിലെ കലോത്സവങ്ങളില്‍ തബല വിധികര്‍ത്താവായും പോയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തബലക്ക് മേല്‍വിലാസമുണ്ടാക്കി കൊടുത്തത് ഇപ്പോഴും പഠിച്ചുകൊണ്ട് തബല പ്രചരിപ്പിക്കുന്ന ഗുരുവാണെന്ന് ശ്രീകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. തബല വാദനത്തിന്‍െറ പുതിയ ട്രെന്‍ഡ് മനസിലാക്കാനാണ് കലോത്സവ വേദികളില്‍ വര്‍ഷങ്ങളായി ഹാരിസ് ബായി എത്തുന്നത്. താല്‍പര്യം കലയോട് മാത്രമായതിനാല്‍ പറയത്തക്ക സമ്പാദ്യവുമില്ല. മുഖവുരയില്ലാതെ സംസാരിച്ചുതുടങ്ങുന്ന ഉസ്താദ് തുടങ്ങുന്നതും അവസാനിക്കുന്നതും തബലയിലോ താളത്തിലോ ആയിരിക്കും. പണ്ടത്തെ കല്യാണ വീടുകളില്‍ ഖവാലി സംഘത്തിനോടൊപ്പം തബലയുമായി കൂടിയിരുന്ന കഥകള്‍ പങ്കുവെച്ചതും ശ്രീകുമാര്‍ ഓര്‍മിച്ചെടുത്തു. കൂത്തുപറമ്പ് സീനത്ത് മന്‍സിലില്‍ വി. ഹാരിസ് എന്ന ഉസ്താദ് ഹാരിസ് ബായിക്ക് ചെറുപ്പത്തില്‍ വീടിന് സമീപത്തെ കാവില്‍നിന്ന് കേട്ടാണ് തബലയില്‍ താല്‍പര്യമുടലെടുത്തത്. സ്ഥിരമായി ജില്ലാ സംസ്ഥാനതലങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന ശിഷ്യഗണങ്ങളേറെയുള്ള ഹാരിസ് ബായിയുടെ കീഴില്‍ ഒട്ടേറെ വിദേശ വിദ്യാര്‍ഥികളും തബല അഭ്യസിക്കുന്നുണ്ട്. ഇതുവഴി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും ഭാഗ്യമുണ്ടായി. കൂത്തുപറമ്പിലെ വീട്ടില്‍ ഗുരുകുല സമ്പ്രദായത്തിലും ഒട്ടേറെ പേര്‍ പഠിക്കാനത്തെുന്നു. കണ്ണൂര്‍ സംഗീത കലാക്ഷേത്ര, ചിന്മയ വിദ്യാലയ എന്നിവിടങ്ങളിലും തബല പരിശീലിപ്പിക്കുന്നത് ഉസ്താദ് തന്നെ. തബലക്ക് പുറമെ ഹാര്‍മോണിയവും ഈ വിരലുകളില്‍ ഭദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.