തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ജിറിയാട്രിക് വാര്‍ഡ് തുറക്കാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. വഴിയോരത്ത് നിന്ന് അബോധാവസ്ഥയില്‍ പൊലീസും സാമൂഹിക പ്രവര്‍ത്തകരുമത്തെിക്കുന്ന മാനസിക, ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാനും ഇതുമൂലം സാധിക്കുന്നില്ല. അവശതയിലുള്ള ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹായികളുടെ പരിചരണം വേണം. ദുര്‍ബലരായ ഇവര്‍ മലമൂത്രവിസര്‍ജനം നടത്തുന്നത് ആശുപത്രിക്കിടക്കയില്‍ തന്നെയാണ്. ഇത് മറ്റ് രോഗികള്‍ക്ക് പ്രയാസമാവുകയാണ്. ഈ വാര്‍ഡില്‍ കഴിയുന്ന മറ്റ് 38 രോഗികള്‍ തങ്ങള്‍ക്ക് വാര്‍ഡില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പോലുമാവുന്നില്ളെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. പ്രശ്നത്തിന് പരിഹാരമായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത് ഇപ്പോള്‍ പൂട്ടിക്കിടക്കുന്നതും മുമ്പ് അനാഥരായ രോഗികളെ സംരക്ഷിച്ചിരുന്നതുമായ വാര്‍ഡ് വീണ്ടും ഉപയോഗപ്പെടുത്താമെന്നാണ്. മുമ്പ് അനാഥരായ 17 രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഈ വാര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴര ലക്ഷം രൂപ ചെലവഴിച്ച് ജിറിയാട്രിക് വാര്‍ഡായി മാറ്റിയെങ്കിലും അവിടെ രണ്ട് രോഗികളെ മാത്രമെ പ്രവേശിപ്പിച്ചിട്ടുള്ളൂ. ഇപ്പോള്‍ ഇവിടെ പഴയ കട്ടിലും അനുബന്ധ വസ്തുക്കളുമാണുള്ളത്. പഴകിയ മേല്‍ക്കൂര മാറ്റാത്തതിനാല്‍ മഴക്കാലത്ത് ചോര്‍ച്ചയാണ്. പരിചരണത്തിനാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കി ഈ വാര്‍ഡ് പുതുക്കിപ്പണിതാല്‍ വൃത്തിഹീനമായി എത്തുന്ന രോഗികളെ ഇവിടെ പ്രവേശിപ്പിക്കാന്‍ കഴിയും. മറ്റ് രോഗികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. ഇത് സംബന്ധിച്ച് സാമൂഹിക പ്രവര്‍ത്തകനായ ബാബു പാറാല്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.