ആര്‍.എസ്.എസ് ശാഖകള്‍ അക്രമ ഉല്‍പാദന കേന്ദ്രങ്ങള്‍– പി. ജയരാജന്‍

കണ്ണൂര്‍: ആര്‍.എസ്.എസ് ശാഖകള്‍ ക്രിമിനല്‍-അക്രമ ഉല്‍പാദന കേന്ദ്രങ്ങളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുത്ത ബൈഠക് തീരുമാനപ്രകാരം ഡിസംബറില്‍ വിദ്യാര്‍ഥികള്‍ക്കായി ആര്‍.എസ്.എസ് ക്യാമ്പ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത കുട്ടികളില്‍ അന്യമത വിദ്വേഷം കുത്തിനിറച്ചാണ് പുറത്തുവിട്ടത്. പങ്കെടുത്തവരില്‍ ഇത്തരം സമീപനങ്ങള്‍ പ്രകടമായതായി അധ്യാപകര്‍ പറയുന്നു. സി.പി.എം ആയുധ പരിശീലനം നടത്തുന്നില്ല. സമൂഹത്തെ രാഷ്ട്രീയ ജനാധിപത്യ ബോധവും മതേതര സമീപനവുമുള്ളവരാക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സി.പി.എമ്മുമായി ചര്‍ച്ചക്കൊരുക്കമാണെന്ന് ഭാഗവത് പരസ്യമായി പറഞ്ഞിട്ടില്ല. ചിലരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ്. എന്നാല്‍, സമാധാനം ഉണ്ടാവാന്‍ ആരുമായും സി.പി.എം ചര്‍ച്ച നടത്തും. പുള്ളിപ്പുലിയുടെ പുള്ളി മായുമെന്നത് വ്യര്‍ഥമോഹമാണ്. കണ്ണൂരിനെ കേന്ദ്രീകരിച്ചാണ് ആര്‍.എസ്.എസിന്‍െറ പല തന്ത്രങ്ങളും മെനയുന്നത്. കണ്ണൂരില്‍ സി.പി.എമ്മിനെ തകര്‍ത്ത് കേരളം പിടിക്കാമെന്നാണ് മോഹം. ഇതിനുള്ള ഗൂഢ പദ്ധതികള്‍ ആര്‍.എസ്.എസ് മെനഞ്ഞുകൊണ്ടിരിക്കയാണെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിനുമുമ്പ് സി.പി.എം ജില്ലയില്‍ വ്യാപക അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അക്രമവും കള്ളപ്രചാരണവും സി.പി.എം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.