മട്ടന്നൂര്‍: ഉത്തരമലബാറിന് വികസനച്ചിറക് മുളപ്പിക്കാനുള്ള പരീക്ഷണപ്പറക്കലുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം 2015 ഡിസംബര്‍ 31ന് കുതിച്ചുയരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് അതിവേഗ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ തീയതി പ്രഖ്യാപിച്ചത്. എന്നാല്‍, പരീക്ഷണപ്പറക്കലിന് യോഗ്യമായ രീതിയിലേക്ക് നിര്‍മാണം പുരോഗതിയിലത്തെിക്കാന്‍ കഴിഞ്ഞില്ല. പരീക്ഷണപ്പറക്കല്‍ ജനുവരിയിലും വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വിസ് സെപ്റ്റംബറിലും ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. പ്രവാസികളടക്കം നിരവധി പേരുടെ പ്രതീക്ഷയായ വിമാനത്താവളത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മെല്ളെപ്പോക്കുണ്ടെന്ന് ആരും പറയുന്നില്ല. എന്നാല്‍, സ്വന്തം നേട്ടങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള തിരക്കിനിടയില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചു മുന്നോട്ടുപോകുന്നതിനുള്ള നടപടി വേണം. വിവിധ കാരണങ്ങളാല്‍ 99 പ്രവൃത്തി ദിവസങ്ങള്‍ പദ്ധതി പ്രദേശത്ത് നഷ്ടപ്പെട്ടതാണ് സമയത്തിനുള്ള പ്രവൃത്തി പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നത്. പദ്ധതി പ്രദേശത്ത് ഖനനം നടത്തുന്നതിന്‍െറ ഭാഗമായുണ്ടായ സ്ഫോടനത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ സമരം കാരണം 50 ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം മുപ്പതിലധികം ദിവസവും നഷ്ടമായി. സമരം വിമാനത്താവളത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളെ പിന്നിലാക്കിയെന്ന ആരോപണം സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉന്നയിക്കുന്നുമുണ്ട്. വിമാനത്താവളത്തിന്‍െറ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങുന്നത് 3050 മീറ്റര്‍ റണ്‍വേയിലായിരിക്കും. പ്രതിവര്‍ഷം 46.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് വിമാനത്താവളം സജ്ജമാകുന്നത്. വര്‍ഷത്തില്‍ 60,578 ടണ്‍ ചരക്കുനീക്കം നടക്കും. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ അഞ്ചുമുതല്‍ എട്ടുവരെ വിമാന സര്‍വിസുകളാണ് ഉണ്ടാവുക. തുടര്‍ന്ന് 50 മുതല്‍ 60 വരെ സര്‍വിസുകള്‍ നടത്തുന്ന രീതിയിലേക്ക് വിമാനത്താവളം വികസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.