മലബാര്‍ കാന്‍സര്‍ സെന്‍ററിന് വാഹനവുമായി ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്

തലശ്ശേരി: സാന്ത്വന പരിചരണത്തിന് സഹായമാകാന്‍ മലബാര്‍ കാന്‍സര്‍ സെന്‍ററിന് (എം.സി.സി) വാഹനവുമായി ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്. ‘സാന്ത്വനത്തില്‍ എന്‍െറ പങ്ക്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ ആഴ്ചയില്‍ ഒരു രൂപ വീതം നിക്ഷേപിക്കുന്ന പദ്ധതിയില്‍ ലഭിച്ച തുക ഉപയോഗിച്ചാണ് വാഹനം കൈമാറുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10ന് തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യത്തിന് വാഹനം കൈമാറും. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിക്കും. സംസ്ഥാന ഓര്‍ഗനൈസിങ് കമീഷണര്‍ ജി.കെ. ഗിരീഷ് സന്ദേശയാത്രാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സബ് കലക്ടര്‍ നവ്ജോത് ഖോസ സന്ദേശയാത്ര പ്രശംസാപത്രം നല്‍കും. 2015 ഡിസംബര്‍ ഏഴ് മുതല്‍ 15 വരെ ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് സംസ്ഥാനമാകെ സാന്ത്വന സന്ദേശയാത്ര നടത്തിയാണ് 42ഓളം വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി ‘സാന്ത്വനത്തില്‍ എന്‍െറ പങ്ക്’ പദ്ധതി വഴി ലഭിച്ച 67 ലക്ഷം രൂപ സ്വരൂപിച്ചത്. 1200 കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തതോടൊപ്പം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍റര്‍ (ആര്‍.സി.സി), എം.സി.സി എന്നിവക്ക് വാഹനം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആര്‍.സി.സിക്കുള്ള വാഹനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് കൈമാറിയത്. എം.സി.സിക്കുള്ള വാഹനം നാളെ കൈമാറും. വാഹനത്തിന് പുറമെ എം.സി.സിയില്‍ പ്രവൃത്തി പുരോഗമിക്കുന്ന കുട്ടികളുടെ വാര്‍ഡില്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ് സൗകര്യമൊരുക്കും. ഇതിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ രണ്ടര ലക്ഷം രൂപയും ചടങ്ങില്‍ കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ.എം. ചന്ദ്രന്‍, സൗത് ഉപജില്ലാ സെക്രട്ടറി ബി. അബ്ദുസ്സലാം എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.