റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ജനസമ്പര്‍ക്ക പരിപാടി

തലശ്ശേരി: പൈതൃക നഗരിയിലെ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് പ്രഫ. റിച്ചാര്‍ഡ് ഹേ എം.പി വിളിച്ചുചേര്‍ത്ത ജനസമ്പര്‍ക്ക പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഐ.എം.എ തലശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റേഷന്‍െറ ദൈനംദിന പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുതകുന്ന നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ഒപ്പം വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കുന്നതിനെ സംബന്ധിച്ചും എം.പിയുടെ ശ്രദ്ധയില്‍പെടുത്തി. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വികസനത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കണമെന്ന് പ്രഫ. റിച്ചാര്‍ഡ് ഹേ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള റെയില്‍വേ സ്റ്റേഷന് അന്നുള്ള സൗകര്യമാണ് ഇന്നുമുള്ളത്. ഒരു ബോര്‍ഡ് പോലുമില്ലാത്ത പൈതൃക റെയില്‍വേ സ്റ്റേഷനായ തലശ്ശേരിക്ക് വികസനം വേണമെങ്കില്‍ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. തലശ്ശേരി-മൈസൂരു പാത എന്നതിനേക്കാള്‍ വിമാനത്താവളം മുന്‍നിര്‍ത്തി തലശ്ശേരി-മട്ടന്നൂര്‍ പാതക്ക് വേണ്ടിയാവണം ആവശ്യപ്പെടേണ്ടത്. മട്ടന്നൂര്‍-കുടക് റെയില്‍പാത കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്ത് ചെയ്യും. തലശ്ശേരി-മൈസൂരു റെയില്‍പാതക്കൊപ്പം തന്നെ തലശ്ശേരി-മൈസൂരു-ചിത്രദുര്‍ഗ പാതക്ക് വേണ്ടിയും പ്രയത്നിക്കണം. ഈ പാതക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അനുമതിയായതാണ്. എന്നാല്‍, തുടര്‍ നടപടിയുണ്ടായിട്ടില്ല. അടുത്ത ഘട്ടത്തില്‍ ത്രിതല പഞ്ചായത്ത് ഭരണ സാരഥികളെ കൂടി പങ്കെടുപ്പിച്ച് തലശ്ശേരിയുടെ വികസനം സംബന്ധിച്ച് വിപുല യോഗം വിളിക്കുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. ഐ.എം.എ പ്രസിഡന്‍റ് ഡോ. വി.കെ. രാജീവന്‍, സെക്രട്ടറി ഡോ. രാജീവ് നമ്പ്യാര്‍, എന്‍. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. അടിയന്തര പ്രാധാന്യം കല്‍പിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നേരിട്ട് സംസാരിച്ച് ഉടന്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എം.പി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.