ഭരണാനുമതി ലഭിച്ച റോഡുകളുടെ പ്രവൃത്തി ഉടന്‍ തുടങ്ങും

കണ്ണൂര്‍: ജില്ലയിലെ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കാന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ തീരുമാനം. എം.എല്‍.എമാരായ ടി.വി. രാജേഷ്, സണ്ണി ജോസഫ്, ജില്ലാപഞ്ചായത്ത് അംഗം കെ.പി. ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരാണ് റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ 38 റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കൂട്ടുപുഴ പാലത്തിനടുത്ത് കെ.എസ്.ടി.പി റോഡിലെ വലിയ കുഴികള്‍ കാരണം കര്‍ണാടകയിലേക്ക് പോകുന്ന വഴിയില്‍ എന്നും തടസ്സമാണ്. ജില്ലയിലെ മിക്ക റോഡുകളുടെയും സ്ഥിതി ശോചനീയമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പട്ടയം വിതരണം ചെയ്യാന്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടക്കേക്കളത്ത് 834 കേസുകള്‍ ഹിയറിങ് പൂര്‍ത്തിയായി. ബാക്കിയുള്ള 500 എണ്ണം ജനുവരി 15നകം പൂര്‍ത്തിയാക്കും. ഫെബ്രുവരിയില്‍ മെഗാ പട്ടയമേള നടത്തി 80 ശതമാനം പട്ടയവും നല്‍കാനാവുമെന്ന് കലക്ടര്‍ പറഞ്ഞു. ചൂട്ടാട് ബീച്ച്, വയലപ്ര-പരപ്പ ടൂറിസം പദ്ധതികളുടെ നടത്തിപ്പിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. ചൂട്ടാട് ബീച്ചില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ഡി.ടി.പി.സി ഫണ്ട് അനുവദിക്കും. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നില്‍ കെ.എസ്.ടി.പി റോഡില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടത് ഡ്രെയിനേജ് നിര്‍മാണത്തെ ബാധിക്കുന്നതിനാല്‍ അവ യാര്‍ഡിലേക്ക് മാറ്റാന്‍ നടപടിയെടുക്കണമെന്ന് ടി.വി.രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. മാടായിക്കാവ്-കാസര്‍കോട് ലോഫ്ളോര്‍ ബസ് അറ്റകുറ്റപ്പണി നടത്തി ഉടന്‍ സര്‍വിസ് ആരംഭിക്കും. പരിയാരം പൊലീസ് സ്റ്റേഷന്‍െറ ശോച്യാവസ്ഥ മാറ്റാന്‍ ആരോഗ്യവകുപ്പിന്‍െറ കീഴിലുള്ള മൂന്നേക്കര്‍ സ്ഥലം അനുവദിച്ചുകിട്ടാന്‍ റവന്യൂ വകുപ്പിന് നല്‍കിയ അപേക്ഷയില്‍ തീരുമാനം വേഗത്തിലാക്കണമെന്നും ടി.വി. രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. പട്ടുവം കോട്ടക്കീല്‍ കടവ് പ്രവൃത്തി രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എക്സി. എന്‍ജിനീയര്‍ പറഞ്ഞു. ധര്‍മശാലയിലെ വ്യവസായ മേഖലയില്‍ നിന്ന് അന്തരീക്ഷ മലിനീകരണം ഉയരുന്നുവെന്ന പരാതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പരിശോധിച്ചു. സ്ഥാപനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടില്ളെന്ന് ബോധ്യമായതായും നിശ്ചിത സമയത്തിനുള്ളില്‍ മുന്‍കരുതലുകള്‍ എടുക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ഒരു ബസ് മാത്രം സര്‍വിസ് നടത്തുന്ന സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി മുടക്കരുതെന്ന് സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. വികലാംഗ സൗഹൃദ ജില്ലയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2170 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 828 എണ്ണത്തിന്‍െറ എസ്റ്റിമേറ്റ് തയാറാക്കി നടപ്പാക്കിവരുന്നു. 437 റാമ്പുകള്‍, 13 ശുചിമുറികള്‍, 10 ലിഫ്റ്റുകള്‍ എന്നിവയുടെ പ്രവൃത്തി ആരംഭിച്ചതായി നിര്‍മിതി കേന്ദ്ര അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ അറിയിച്ചാല്‍ അവ പരിഹരിക്കാമെന്ന് കലക്ടര്‍ പറഞ്ഞു.റോഡില്‍ തടസ്സമാകുന്ന ബസ് ഷെല്‍ട്ടറുകള്‍ മാറ്റും. കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിക്കാന്‍ അടിയന്തര നടപടിയെടുക്കും. പ്ളാന്‍ സ്പേസ് എന്ന സോഫ്റ്റ് വെയറില്‍ വകുപ്പുകള്‍ പദ്ധതി സംബന്ധിച്ച പുരോഗതിയും മറ്റും രേഖപ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. എം.എല്‍.എമാരായ ടി.വി. രാജേഷ്, സണ്ണി ജോസഫ്, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, അസി.കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.