അഞ്ച് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഓണ്‍ലൈന്‍ സംവിധാനം

തലശ്ശേരി: മുന്നറിയിപ്പില്ലാതെ പുതുവത്സര ദിനത്തില്‍ ജില്ലയിലെ അഞ്ച് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതിനെതിരെ ആധാരമെഴുത്തുകാര്‍ രംഗത്ത്. കണ്ണൂര്‍ ജില്ലക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും വെള്ളിയാഴ്ച മുതല്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്്. വര്‍ഷങ്ങളായി ഈ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കാതെയാണ് സംവിധാനം നിലവില്‍ വരുത്തിയതെന്ന് ഓള്‍ കേരള ഡോക്യുമെന്‍റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ ആകെയുള്ള 23 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കണ്ണൂര്‍, കല്യാശ്ശേരി, മാതമംഗലം, പെരിങ്ങോം, ഉളിക്കല്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലാണ് ജനുവരി ഒന്ന് മുതല്‍ സംവിധാനം നിലവില്‍ വന്നത്. കുടിക്കടവും പകര്‍പ്പും ഓണ്‍ലൈനായി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വ്യാഴാഴ്ച വൈകീട്ട് മാത്രമാണ് ഓഫിസുകളില്‍ എത്തിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ആധാരവും ഈ രീതിയില്‍ നടപ്പാക്കും. മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുകയുള്ളൂ എന്ന് മന്ത്രി അനൂപ് ജേക്കബും രജിസ്ട്രേഷന്‍ ഐ.ജി മീര്‍ മുഹമ്മദും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് കാറ്റില്‍ പറത്തിയാണ് സാധാരണക്കാരായ ആവശ്യക്കാരെ ഇരുട്ടില്‍ തപ്പിക്കുന്ന പദ്ധതി വേഗത്തില്‍ നടപ്പാക്കിയത്. ലോണ്‍ ആവശ്യങ്ങള്‍ക്കും സ്വത്ത് വില്‍പന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വേണ്ടിയത്തെുന്ന സാധാരണക്കാരാണ് പുതിയ സംവിധാനത്തിലൂടെ ബുദ്ധിമുട്ടുക. ഇത് കണക്കിലെടുത്ത് മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതുവരെ നിലവിലുള്ള സമ്പ്രദായം തുടരണമെന്നാണ് ആധാരമെഴുത്തുകാരുടെ ആവശ്യം. അനുകൂല നടപടിയുണ്ടായില്ളെങ്കില്‍ വ്യാപക പ്രക്ഷോഭമാരംഭിക്കാനാണ് സംഘടനയുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.