കണ്ണൂര്‍ വിമാനത്താവളം: 109 തസ്തികകളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10

മട്ടന്നൂര്‍: മൂര്‍ഖന്‍പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദഗ്ധ-അവിദഗ്ധ മേഖലയിലെ 109 തസ്തികകളില്‍ 10 എണ്ണം പദ്ധതിക്കായി വീടു നഷ്ടപ്പെട്ടവര്‍ക്ക് നല്‍കും. വീട് നഷ്ടപ്പെട്ട നൂറോളം പേര്‍ നിലവില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലുള്ളവര്‍ക്ക് ജൂനിയര്‍ അറ്റന്‍ഡര്‍ തസ്തികയിലാണ് ജോലി നല്‍കുക. എസ്.എസ്.എല്‍.സി യാണ് വിദ്യാഭ്യാസ യോഗ്യത. 18,000 രൂപ പ്രതിമാസ ശമ്പളത്തില്‍ കേവലം 10 പേരെ രണ്ടു വര്‍ഷത്തേക്ക് താല്‍ക്കാലികമായാണ് നിയമിക്കുന്നത്. നിരവധി പേര്‍ ഉണ്ടെന്നിരിക്കെ 10 പേര്‍ക്ക് മാത്രമാണ് താല്‍ക്കാലിക അവസരം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ വീടുകള്‍ ഏറ്റെടുക്കുന്നതിനെതിരെ കാര, കല്ളേരിക്കര മേഖലയില്‍ രൂപവത്കരിച്ച കുടിയിറക്കു വിരുദ്ധ കര്‍മ സമിതിയുടെ സമരത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതും വീടു വിട്ടുനല്‍കിയ കുടുംബത്തില്‍ ഒരാള്‍ക്ക് യോഗ്യതക്കനുസരിച്ച് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയതും. പദ്ധതി പ്രദേശത്തും കിയാലിലുമായി ഇതിനകം തന്നെ നിരവധി തസ്തികകളില്‍ ജീവനക്കാരെ നിയമിച്ചിട്ടും ഈ ഗണത്തില്‍ നിന്ന് ഒരാളെപ്പോലും നിയമിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഏറ്റവും താഴ്ന്ന തസ്തികയിലേക്ക് കേവലം 10 പേരെ ക്ഷണിച്ചത്. വീടു വിട്ടുനല്‍കിയ കുടുംബങ്ങളില്‍ നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരുണ്ടെന്നിരിക്കെ എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് ഒന്നാംഘട്ടത്തില്‍ പരിഗണിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.