ജി.സി.സി രാജ്യങ്ങളിലെ പ്രധാന വിമാനങ്ങള്‍ സര്‍വിസ് നടത്തും –മന്ത്രി കെ.സി. ജോസഫ്

കണ്ണൂര്‍: ജി.സി.സി രാജ്യങ്ങളിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രധാന വിമാനങ്ങള്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വിസ് നടത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് മന്ത്രി കെ.സി. ജോസഫ്. വിമാനത്താവളത്തിലെ പരീക്ഷണ പറക്കലിന്‍െറ ഒരുക്കം വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014-15ല്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമായി യാത്ര ചെയ്തവരുടെ എണ്ണം 1.30 കോടിയാണ്. പാസഞ്ചര്‍ ട്രാഫിക്കില്‍ 8.6 ശതമാനം വളര്‍ച്ചയാണ് ഡി.ജി.സി.എ കണക്കാക്കിയിരിക്കുന്നത്. ഈ വസ്തുതകള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കുന്നു. വിമാനത്താവള പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. ഗ്രീന്‍ഫീല്‍ഡ് റോഡ് ഉള്‍പ്പെടെയുള്ള അനുബന്ധ റോഡുകളുടെ നിര്‍മാണം, ഒഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നം, വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവരുടെ പ്രശ്നം എന്നിവയെല്ലാം വാഗ്ദാനം ചെയ്ത രൂപത്തില്‍ തന്നെ പരിഹരിക്കും. സമയബന്ധിതമായാണ് വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാകുന്നത്. ആകെ 1892 കോടിയാണ് പദ്ധതി ചെലവ്. രണ്ടാം ഘട്ടത്തില്‍ 3400 മീറ്ററും മൂന്നാം ഘട്ടത്തില്‍ 4000 മീറ്ററും റണ്‍വേ നിര്‍മിക്കാനാണ് ഉദ്ദേശ്യം. പദ്ധതിക്കുവേണ്ടി അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്. റണ്‍വേ, ടാക്സിവേ, ഏപ്രണ്‍ എന്നിവ ഉള്‍പ്പെടുന്ന ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 694 കോടിയുടെ പദ്ധതിയായാണ് വിഭാവനം ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി ഇതോടെ വിമാനത്താവള നിര്‍മാണത്തോടെ യാഥാര്‍ഥ്യമാവുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മാര്‍ഗനിര്‍ദേശവും മേല്‍നോട്ടവും കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. മന്ത്രി കെ. ബാബു നല്‍കിയ നേതൃത്വം പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സഹായകമായതായും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. എം.എല്‍.എമാരായ സണ്ണി ജോസഫ്, എ.പി. അബ്ദുല്ലക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, കിയാല്‍ എം.ഡി ജി. ചന്ദ്രമൗലി, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, എ.ഡി. മുസ്തഫ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.