കണ്ണൂര്‍: കെ.എം.സി നമ്പറില്ലാതെ നഗരത്തില്‍ പാര്‍ക്കുചെയ്ത് സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ ഇന്നുമുതല്‍ നടത്താനിരുന്ന തടയല്‍സമരം ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഉപേക്ഷിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലതയുടെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ആര്‍.ടി.ഒ, പൊലീസ് എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് സമരം ഒഴിവായത്. നഗരത്തിലെ പാര്‍ക്കിങ്, പുതിയ പെര്‍മിറ്റ് നല്‍കല്‍ എന്നിവ സംബന്ധിച്ച് യൂനിയന്‍ പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി രണ്ടു മാസത്തിനു ശേഷം നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനായി പ്രത്യേക സബ് കമ്മിറ്റിയും രൂപവത്കരിച്ചു. നഗരത്തില്‍ സര്‍വിസ് നടത്തുന്നതിനുള്ള കെ.എം.സി നമ്പര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ വ്യാപകമായി സര്‍വിസ് നടത്തിയതോടെയാണ് ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എസ്.എ.ടി.യു, ബി.എം.എസ് സംഘടനകള്‍ സമരത്തിനൊരുങ്ങിയത്. കണ്ണൂര്‍, നഗരസഭയായിരുന്നപ്പോള്‍ നല്‍കിയ 2500ഓളം പെര്‍മിറ്റുകളുള്ള ഓട്ടോകള്‍ക്കാണ് നഗരത്തില്‍ സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കൂടുതല്‍ ഓട്ടോകള്‍ എത്തിയതോടെ കെ.എം.സി നമ്പറുള്ളവര്‍ക്ക് ആവശ്യത്തിന് ഓട്ടം ലഭിക്കാതായിരുന്നു. കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്ത അഞ്ചു പഞ്ചായത്തുകളില്‍നിന്നുള്ള ഓട്ടോകളാണ് കെ.എം.സി നമ്പറില്ലാതെ നഗരത്തില്‍ സര്‍വിസ് നടത്തുന്നവയില്‍ അധികവും. തങ്ങള്‍ ഇപ്പോള്‍ കോര്‍പറേഷന്‍ പരിധിയിലാണെന്നും അതുകൊണ്ടുതന്നെ നഗരത്തില്‍ സര്‍വിസ് നടത്തുന്നതിന് തടസ്സമില്ളെന്നുമാണ് ഇവര്‍ പറയുന്നത്. സബ് കമ്മിറ്റി എല്ലാ മാസവും യോഗം ചേരുന്നതിനും നഗരത്തില്‍ സര്‍വിസ് നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുന്നതിനും തീരുമാനമായി. വിവിധ യൂനിയനുകളെ പ്രതിനിധാനംചെയ്ത് കുന്നത്ത് രാജീവന്‍, കെ.വി. പ്രമോദ്, എന്‍. ലക്ഷ്മണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.