കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രദേശിക സേനയിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. മാര്‍ച്ച് 10ന് കണ്ണൂര്‍ കോട്ട മൈതാനിയില്‍ കായികക്ഷമതാ പരീക്ഷയും 11 മുതല്‍ 14 വരെ മെഡിക്കല്‍ പരിശോധന, ഡോക്യുമെന്‍േറഷന്‍, ട്രേഡ് ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവയും നടത്തും. 18നും 42നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായിരിക്കണം. അല്ളെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത. സംസ്ഥാനതലത്തില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. വാഷര്‍മാന്‍ തസ്തികയില്‍ തെരഞ്ഞെടുക്കപ്പെടാന്‍ എസ്.എസ്.എല്‍.സി വിജയവും ട്രേഡ് വര്‍ക്കില്‍ പ്രാവീണ്യവും വേണം. സഫായ്വാല, ഹൗസ് കീപ്പര്‍ വിഭാഗത്തില്‍ എട്ടാം ക്ളാസ് പാസും ട്രേഡ് വര്‍ക്കില്‍ പ്രാവീണ്യവുമാണ് യോഗ്യത. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര-നാഗര്‍ ഹവേലി, ഗോവ, ദാമന്‍-ദിയു, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയയിടങ്ങളില്‍ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. 160 സെന്‍റിമീറ്റര്‍ ഉയരവും 77-82 സെന്‍റിമീറ്റര്‍ നെഞ്ചളവും വേണം. തൂക്കം കുറഞ്ഞത് 50 കിലോഗ്രാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ നീലഗിരി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ എട്ടുമാസം നിര്‍ബന്ധ റിക്രൂട്ട് ട്രെയിനിങ് ഉണ്ടാകും. കൂടാതെ വര്‍ഷത്തില്‍ രണ്ടുമാസം നിര്‍ബന്ധ പരിശീലനം. പരിശീലന കാലയളവിലും അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുമ്പോഴും മാത്രം ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. ആവശ്യം നേരിട്ടാല്‍ ഇന്ത്യയുടെ ഏതു മേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കാന്‍ സന്നദ്ധരായിരിക്കണം. റിക്രൂട്ടമെന്‍റിന് എത്തുന്നവര്‍ ആറുമാസത്തിനുള്ളിലെടുത്ത 12 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും ഇവയുടെ ഫോട്ടോകോപ്പികളും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2707469 എന്ന നമ്പറില്‍ ഉച്ച രണ്ടുമുതല്‍ വൈകീട്ട് ആറുവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.