വേനല്‍ച്ചൂടില്‍ നാട് കത്താന്‍ തുടങ്ങി

കണ്ണൂര്‍: വേനല്‍ച്ചൂടില്‍ നാട്ടില്‍ തീപിടിത്തം വ്യാപകമായി. ഉണങ്ങിയ പുല്ലുകള്‍ക്കും മാലിന്യങ്ങള്‍ക്കും മറ്റും തീപിടിക്കാന്‍ തുടങ്ങിയതോടെ ഫയര്‍ഫോഴ്സിന് വിശ്രമമില്ലാതായി. വെള്ളിയാഴ്ച മൂന്നിടത്താണ് തീപിടിത്തമുണ്ടായത്. ചാലക്കുന്ന് പോളി കോമ്പൗണ്ട്, മയ്യില്‍ കാരാറമ്പ് എസ്റ്റേറ്റ്, തെക്കീ ബസാര്‍ അശോക ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലാണ് വ്യത്യസ്ത സമയങ്ങളില്‍ തീപിടിച്ചത്. ചാലക്കുന്നില്‍ നാലേക്കറോളം സ്ഥലത്തെ അക്കേഷ്യ ഉള്‍പ്പെടെയുള്ള കാടും മരങ്ങളുമാണ് കത്തിയത്. മയ്യില്‍ എസ്റ്റേറ്റില്‍ ഉണങ്ങിയ പുല്ലുകളും അടിക്കാടും കത്തിയപ്പോള്‍ അശോക ആശുപത്രിക്ക് സമീപം മാലിന്യത്തിനാണ് തീപിടിച്ചത്. ഇതിനു പുറമെ കവിത ബാറിലെ മതിലില്‍ സ്ഥാപിച്ച സുരക്ഷാ കമ്പി കാലില്‍ തുളഞ്ഞുകയറി യുവാവിന് പരിക്കേറ്റപ്പോഴും സഹായ ഹസ്തവുമായി ഓടിയത്തെിയത് കണ്ണൂര്‍ ഫയര്‍ഫോഴ്സ് തന്നെ. ഫയര്‍ഫോഴ്സത്തെി കമ്പിയുടെ ഒരു ഭാഗം മുറച്ചുമാറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എ.ആര്‍ ക്യാമ്പിനടുത്ത് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചപ്പോഴും ഫയര്‍ഫോഴ്സത്തെി തീയണച്ചു. സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് തീപടര്‍ന്നാണ് കാര്‍ കത്തിയത്. മുമ്പ് തീപിടിത്തമുണ്ടായാല്‍ ഫയര്‍ഫോഴ്സ് എത്തുന്നതിനു മുമ്പുതന്നെ ജനം തീയണക്കുന്നതില്‍ സജീവമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരം സമീപനം ജനങ്ങളുടെ ഭാഗത്ത് കുറഞ്ഞുവരുന്നതായി ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് അഭിപ്രായമുണ്ട്. തീ കത്തിത്തുടങ്ങുമ്പോള്‍ തന്നെ ജനം ഇടപെട്ടാല്‍ വലിയ നഷ്ടമില്ലാതെ അണക്കാനാവും. ദൂരെനിന്ന് ഫയര്‍ഫോഴ്സ് എത്താന്‍ കാത്തിരിക്കുമ്പോഴാണ് തീ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ എത്തുന്നതെന്ന് ഇവര്‍ പറയുന്നു. സ്റ്റേഷന്‍ ഓഫിസര്‍ കെ. രാജീവന്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. പ്രഭാകരന്‍, ലീഡിങ് ഫയര്‍മാന്‍ എ. കുഞ്ഞിക്കണ്ണന്‍, ഫയര്‍മാന്‍ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഇന്നലെ വിവിധ സ്ഥലങ്ങളില്‍ തീയണക്കാനും മറ്റും എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.