പാനൂര്‍: നഗരസഭാ നടപടികള്‍ ഏകപക്ഷീയമായും സങ്കുചിതമായും കൈകാര്യം ചെയ്യുന്ന യു.ഡി.എഫ് നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ഷോപ്പിങ് കോംപ്ളക്സില്‍ ചേര്‍ന്ന നഗരസഭാ യോഗത്തില്‍ വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളുടെ ചെയര്‍മാന്മാരെയും വൈസ് ചെയര്‍മാന്മാരെയും നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. ഈ ലിസ്റ്റില്‍ തങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. 14 വര്‍ക്കിങ് ഗ്രൂപ്പുകളില്‍ 11ലും യു.ഡി.എഫ് മെംബര്‍മാരാണ് അധ്യക്ഷസ്ഥാനത്തുള്ളത്. വികസന കാര്യങ്ങളില്‍ പൊതുവായ കൂട്ടായ്മ ഉണ്ടാക്കുന്നതിന് പകരം കുടുസ്സായ തീരുമാനമാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പുന:പരിശോധനക്ക് വിധേയമാക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഏകപക്ഷീയമായി പാനല്‍ വായിച്ചു പോകുകയായിരുന്നു. പുതിയ നഗരസഭയെന്ന നിലയില്‍ ധാരാളം പ്രയാസങ്ങളും പ്രശ്നങ്ങളും അനുഭവിക്കുന്ന പാനൂരില്‍ കൂട്ടായ പ്രയത്നങ്ങള്‍ക്ക് പകരം യു.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്ന് കൗണ്‍സിലര്‍മാരായ കെ.കെ. സുധീര്‍ കുമാര്‍, കെ.കെ. വിജയന്‍ മാസ്റ്റര്‍, ഇ.കെ. മനോജ്, പി.കെ. രാജന്‍, പി. രവീന്ദ്രന്‍, എ.പി. രമേശന്‍, കെ. സുഹറ എന്നിവര്‍ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.