പ്രവാസികള്‍ക്ക് ഗ്ളോബല്‍ ഗ്രാമസഭയുമായി കതിരൂര്‍ ഗ്രാമപഞ്ചായത്ത്

തലശ്ശേരി: വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് നാടിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കി കതിരൂര്‍ ഗ്രാമപഞ്ചായത്ത്. വിവിധ മേഖലകളില്‍ നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി ജില്ലയിലും സംസ്ഥാനത്തും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ കതിരൂര്‍ പഞ്ചായത്ത് ‘ഗ്ളോബല്‍ ഗ്രാമസഭ’യുമായാണ് ഇത്തവണ ശ്രദ്ധാകേന്ദ്രമാവുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനം. വികസന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍െറ ഭാഗമായി 2016-17 വര്‍ഷത്തെ പദ്ധതി ആസൂത്രണത്തിന് ഗ്ളോബല്‍ ഗ്രാമസഭ നടത്താനാണ് ഭരണസമിതി തീരുമാനം. നേരിട്ട് ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികളെ സ്കൈപ് വഴി വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കാളികളാക്കും. അറബ് രാജ്യങ്ങളിലും അമേരിക്ക, ജപ്പാന്‍, കാനഡ, ചൈന, ആസ്ട്രേലിയ എന്നിവിടങ്ങളിലുമായി ആയിരക്കണക്കിന് കതിരൂര്‍ സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സേവനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ലോകത്ത് മാലിന്യ സംസ്കരണം, പശ്ചാത്തല വികസനം തുടങ്ങിയവക്കും ആരോഗ്യ മേഖലയിലും മറ്റും ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളെയും വികസനരീതികളെയുംകുറിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവാസികളുമായി ചര്‍ച്ച നടത്തും. ഗ്ളോബല്‍ ഗ്രാമസഭക്കായി ജയേഷ്, സുബൈര്‍, ശൈലേഷ് തുടങ്ങിയവര്‍ തയാറാക്കിയ വെബ്സൈറ്റ് വ്യാഴാഴ്ച വൈകീട്ട് 4.30ന് തലശ്ശേരി സബ് കലക്ടര്‍ നവ്ജോത് ഖോസ കതിരൂരില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമസഭയുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. തൃശൂര്‍ കില ഡയറക്ടര്‍ പി.പി. ബാലന്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രനും സെക്രട്ടറി എന്‍. പവിത്രനും ആസൂത്രണംചെയ്ത ശേഷമാണ് ഗ്ളോബല്‍ ഗ്രാമസഭ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചത്. പ്രവാസി യുവാക്കള്‍ ഗ്രാമസഭയില്‍ പങ്കാളികളാകുന്നത് പഞ്ചായത്തിന്‍െറ വികസന ആസൂത്രണത്തിനും നടത്തിപ്പിനും ഏറെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.