കണ്ണൂര്‍ വിമാനത്താവളം:പ്രതീക്ഷയോടെ പ്രവാസികള്‍

മട്ടന്നൂര്‍: മട്ടന്നൂരില്‍ 29ന് പ്രഥമ വിമാനമിറങ്ങുമെന്ന സര്‍ക്കാറിന്‍െറ പ്രഖ്യാപനത്തില്‍ പ്രതീക്ഷയോടെ പ്രവാസികള്‍. ഉത്തരമലബാറിലെ പ്രവാസികളടക്കമുള്ളവരുടെ ചിരകാല സ്വപ്നമാണ് സാഫല്യത്തോടടുക്കുന്നത്. ഏതു നിമിഷവും പരീക്ഷണ പറക്കല്‍ നടത്താന്‍ പറ്റിയ നിലക്ക് ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തീയതി പ്രഖ്യാപനത്തിനു മുമ്പ് തന്നെ കിയാല്‍ നടത്തിയിരുന്നു. പ്രഖ്യാപിച്ചതിനു ശേഷം സമയം കിട്ടിയേക്കില്ല എന്ന നിലക്കായിരുന്നു ഒരുക്കങ്ങള്‍ മുന്‍കൂട്ടി ആരംഭിച്ചത്. ചടങ്ങുകള്‍ ഏറ്റെടുക്കുന്നതിനായി ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കിയാല്‍ വെബ്സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യത്തെ തുടര്‍ന്ന് നിരവധി കമ്പനികള്‍ മുന്നോട്ടു വന്നെങ്കിലും എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് നല്‍കാനാണ് സാധ്യത. ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി റണ്‍വേക്കും സമാന്തര ടാക്സിവേക്കും അരികിലായി ബാരിക്കേഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പൊതുജനങ്ങളുടേയും റണ്‍വേയുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡ് സ്ഥാപിക്കുന്നത്. തയാറായിക്കഴിഞ്ഞ 2400 മീറ്റര്‍ റണ്‍വേയില്‍ പരീക്ഷണ പറക്കലിനായി 1700 മീറ്റര്‍ റണ്‍വേ പ്രത്യേകം അടയാളപ്പെടുത്തിക്കഴിഞ്ഞു. പരീക്ഷണ പറക്കല്‍ അനുമതിക്കായി ഡിസംബര്‍ 11നായിരുന്നു കേന്ദ്ര സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് അപേക്ഷ നല്‍കിയത്. ഈ വര്‍ഷം സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, മലബാറിലെ തന്നെ ഏറ്റവും വലിയ വികസന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.