കണ്ണൂരില്‍ പരീക്ഷണ പറക്കല്‍ ഈ മാസം: എല്ലാ വികസന പദ്ധതികളും സര്‍ക്കാര്‍ യഥാര്‍ഥ്യമാക്കി –മന്ത്രി കെ.സി. ജോസഫ്

മട്ടന്നൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ വികസന പദ്ധതികളും യാഥാര്‍ഥ്യമാക്കിയാണ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അറിയിക്കുന്നതിനായി മട്ടന്നൂര്‍ വിമാനത്താവള പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പില്‍ ‘ഒപ്പം’ എന്ന പേരില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിശാബോധമുള്ള സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. വികസനത്തിനും സാമൂഹികക്ഷേമ പദ്ധതികള്‍ക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കി. അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ വന്ന മാറ്റവും മറ്റു ചില പ്രശ്നങ്ങളും കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ വൈകാനിടയാക്കി. ഈ മാസംതന്നെ പരീക്ഷണ പറക്കല്‍ നടത്തും. കണ്ണൂരിലെ പൗരസമിതിയുടെ അഭ്യര്‍ഥന മാനിച്ചാണ് 4000 മീറ്റര്‍ റണ്‍വേയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കും. സെപ്റ്റംബറോടുകൂടി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തി വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ കഴിയും.വിമാനത്താവളത്തിലേക്ക് ഗ്രീന്‍ഫീല്‍ഡ് റോഡിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ചിലരുടെ എതിര്‍പ്പു കാരണം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. പിന്തിരിപ്പിക്കാന്‍ പൊതുസമൂഹം തയാറാകണം. പരിയാരം മെഡിക്കല്‍ കോളജ് ഈ സര്‍ക്കാറിന്‍െറ കാലത്തുതന്നെ ഏറ്റെടുക്കുമെന്നും 100 വര്‍ഷം പിന്നിട്ട കോളജുകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ളബ് സെക്രട്ടറി കെ.ടി. ശശി മോഡറേറ്ററായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.