യാത്രാക്ളേശത്തോടൊപ്പം പാപ്പിനിശ്ശേരിയില്‍ വൈദ്യുതി വകുപ്പിന്‍െറ ഇരുട്ടടിയും

പാപ്പിനിശ്ശേരി: റയില്‍വേ ഗേറ്റടച്ചതിന്‍െറ ദുരിതമനുഭവിക്കുന്ന പാപ്പിനിശ്ശേരി വെസ്റ്റിലെയും ഇരിണാവിലെയും ജനങ്ങള്‍ക്ക് വൈദ്യുതി വകുപ്പിന്‍െറ ഇരുട്ടടിയും. യഥാസയമം അറിയിപ്പ് നല്‍കാതെയും നല്‍കിയ അറിയിപ്പിനനുസരിച്ച് വൈദ്യുതി പുന:സ്ഥാപിക്കാതെയുമാണ് പാപ്പിനിശ്ശേരി സെക്ഷന്‍ ഓഫിസിലുള്ളവര്‍ ജനങ്ങളെ വട്ടം കറക്കുന്നത്. കെ.എസ്.ടി.പി മേല്‍പാലം പ്രവൃത്തിക്ക് വേണ്ടി വൈദ്യുതി ലൈന്‍ ഓഫാക്കുന്നതില്‍ ഒരു മാനദണ്ഡവും പരസ്പര ധാരണയും പുലര്‍ത്തുന്നില്ളെന്നും ജനങ്ങളില്‍ വ്യാപകമായ പരാതി ഉയര്‍ന്നു. വൈദ്യുതി മുടങ്ങുന്ന വിവരം ഓഫിസിലെ ചിലരുടെ താല്‍പര്യമനുസരിച്ച് ചില മാധ്യമങ്ങള്‍ക്ക് മാത്രം അറിയിപ്പ് നല്‍കുന്ന പതിവ് കുറെയായി തുടരുകയാണ്. ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ട് വരെ വൈദ്യുതി മുടങ്ങുമെന്ന് പാപ്പിനിശ്ശേരി സെക്ഷന്‍ ഓഫിസില്‍ നിന്നുള്ള അറിയിപ്പ് എല്ലാ പത്രങ്ങള്‍ക്കും കിട്ടിയില്ല. എല്ലാ പത്രമോഫിസുകളിലും ഫോണ്‍ ചെയ്ത് അറിയിപ്പ് നല്‍കാനുള്ള അലസതയാണ് കാരണം. അറിയിപ്പ് നല്‍കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ മാത്രം ഒറ്റപ്പെട്ട ചില പത്രങ്ങളെ മാത്രം വിവരം അറിയിക്കുന്ന പതിവാണ് അധികൃതര്‍ തുടരുന്നത്. ശനിയാഴ്ച ചില പത്രങ്ങളില്‍ വന്ന അറിയിപ്പനുസരിച്ച് രണ്ട് മണിക്ക് വൈദ്യതി ബന്ധം പുന:സ്ഥാപിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. രാവിലെ ഒമ്പതിന് പോയ വൈദ്യുതി വൈകീട്ട് ആറ് മണിക്കാണ് പുന:സ്ഥാപിച്ചത്. എം.എം ആശുപത്രി പരിസരം, കാട്ടിലെപള്ളി, കോട്ടണ്‍സ് റോഡ്, തുരുത്തി, സ്വരാജ്, ഇല്ലിപ്പുറം, ഹാജിറോഡ്, വെസ്റ്റ് റോഡ്, മുണ്ടയാട് കോട്ടം എന്നീ മേഖലകളില്‍ രാവിലെ ഒമ്പതിന് പോയ വൈദ്യുതി വൈകീട്ട് ആറ് മണിക്കാണ് വന്നത്. ഒരു പകല്‍മുഴുവന്‍ ജനം പൊറുതിമുട്ടി. കെ.എസ്.ടി.പി പദ്ധതി അധികൃതര്‍ക്ക് വേണ്ടി ലൈന്‍ ഓഫ് ചെയ്തതാണെന്നും അവര്‍ പറഞ്ഞ സമയത്ത് ജോലി മുഴുമിപ്പിക്കാതിരുന്നതാണ് പുന:സ്ഥാപിക്കാന്‍ വൈകിയതെന്നുമാണ് വിശദീകരണം. എന്നാല്‍, ഒരു മാനദണ്ഡവുമില്ലാതെ കെ.എസ്.ടി.പി തോന്നിയത് പോലെ ലൈന്‍ ഓഫാക്കാന്‍ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. രണ്ട് വകുപ്പുകളുടെ അധികൃതരും പരസ്പര ധാരണയാവാത്തതാണ് ജനത്തിന് ദുരിതമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.