കെ.എസ്.ആര്‍.ടി.സി ഷെഡ്യൂള്‍ റദ്ദാക്കല്‍ തുടരുന്നു

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഷെഡ്യൂള്‍ റദ്ദാക്കല്‍ തുടരുന്നു. ദിവസവും ശരാശരി 20 മുതല്‍ 29 വരെ ഷെഡ്യൂളുകളാണ് റദ്ദാക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ 13വരെ 296 ഷെഡ്യുളുകളാണ് കണ്ണൂര്‍ ഡിപ്പോയില്‍ റദ്ദാക്കിയത്. ഇതുകാരണം മലയോര മേഖല അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി. സി സര്‍വിസുകള്‍ താറുമാറാവുകയാണ്. ബസുകളുടെ എണ്ണത്തിലെ കുറവും മെക്കാനിക്കല്‍ ജീവനക്കാരുടെ അഭാവവുമാണ് ഷെഡ്യൂളുകള്‍ റദ്ദാക്കാന്‍ ഇടയാക്കുന്നത്. സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതക്കുറവ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സിയെ പ്രതികൂലമായി ബാധിക്കുന്നു. എന്‍ജിനുകളും ഗിയര്‍ ബോക്സുകളും തകരാറായാല്‍ ബസുകള്‍ മാസങ്ങളോളം കട്ടപ്പുറത്ത് കിടക്കേണ്ടി വരുന്നുണ്ട്. നിലവിലുള്ള ഷെഡ്യൂളുകള്‍ കൃത്യമായി നടത്തണമെങ്കില്‍ 129 ബസുകള്‍ ആവശ്യമുണ്ട്. ഇതില്‍ ഒമ്പത് സാധാരണ ബസിന്‍െറ കുറവുണ്ട്. 20 ബസുകള്‍ അറ്റകുറ്റപ്പണിക്കായി കട്ടപ്പുറത്താണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ ഓര്‍ഡിനറി ബസുകള്‍ കെ.എസ്.ആര്‍.ടി.സി റോഡിലിറക്കിയിട്ടില്ല. ശബരിമല സീസണിനുശേഷം പുതിയ ബസുകള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. മെക്കാനിക്കല്‍ വിഭാഗത്തില്‍ 17 ജീവനക്കാരുടെ കുറവാണ് കണ്ണൂര്‍ ഡിപ്പോയിലുള്ളത്. ശബരിമല സീസണിന്‍െറ ഭാഗമായി കുമളി, മൂലമറ്റം ഡിപ്പോകളിലേക്ക് ഉള്‍പ്പെടെ മെക്കാനിക്കല്‍ ജീവനക്കാരെ സ്ഥലംമാറ്റിയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവരെ കണ്ണൂരിലേക്ക് മാറ്റി ഉത്തരവിറങ്ങിയെങ്കിലും കോര്‍പറേഷനിലെ രാഷ്ട്രീയ വടംവലി കാരണം നടപ്പായിട്ടില്ളെന്ന് ജീവനക്കാര്‍ പറയുന്നു. പരിമിതിക്കും ഞെരുക്കത്തിനും ഇടയിലും ഡിപ്പോക്ക് നല്‍കിയ പ്രതിദിന കലക്ഷന്‍ ടാര്‍ജറ്റ് 10 ലക്ഷം രൂപ ലക്ഷ്യം കൈവരിക്കുന്നതിന് ഡിപ്പോക്ക് കഴിയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.