ബ്രണ്ണന്‍െറ പടവുകളില്‍ ഒ.എന്‍.വിയുടെ സംഗീതോര്‍മ

കണ്ണൂര്‍: മലയാള സാഹിത്യ തറവാട്ടില്‍ ഇരുത്തംവന്ന കവിയും എഴുത്തുകാരനുമായ ഒ.എന്‍.വി തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ സ്ഥലം മാറിയത്തെുമ്പോള്‍ മലയാള വിഭാഗത്തിലെ അധ്യാപകര്‍ ഏറെ ആശങ്കയിലായിരുന്നു. പ്രശസ്തനായ അദ്ദേഹം സഹപ്രവര്‍ത്തകരോട് എങ്ങനെയാകും ഇടപെടുകയെന്ന് ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് തിരിച്ച് എങ്ങനെ പെരുമാറുമെന്ന വേവലാതിയും മറ്റ് അധ്യാപകര്‍ക്കുണ്ടായിരുന്നു. ഒ.എന്‍.വി കുറുപ്പിന്‍െറ പ്രശസ്തി അപ്പോഴേക്കും മലയാള സാഹിത്യരംഗത്ത് അത്രയും വളര്‍ന്നിരുന്നുവെന്ന് ഒ.എന്‍.വിയുടെ ബ്രണ്ണന്‍ കോളജിലെ സഹപ്രവര്‍ത്തകനും പിന്നീട് മലയാള വിഭാഗം മേധാവിയുമായി വിരമിച്ച കെ.പി. നരേന്ദ്രന്‍ ഓര്‍ക്കുന്നു. എന്നാല്‍, എല്ലാവരുടെയും ആശങ്ക അസ്ഥാനത്താക്കുന്നതായിരുന്നു സഹപ്രവര്‍ത്തകരോടുള്ള ഒ.എന്‍.വിയുടെ ചങ്ങാത്തം. ‘അദ്ദേഹം എല്ലാവരോടും വലുപ്പച്ചെറുപ്പമില്ലാതെ നല്ല സൗഹൃദം സൃഷ്ടിച്ചെടുത്തു. സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്നതിന് അദ്ദേഹം നല്ല മാതൃകയായി’ -നരേന്ദ്രന്‍ പറഞ്ഞു. ഒട്ടേറെ പ്രമുഖ വ്യക്തികള്‍ അധ്യാപകരായിയെന്ന മഹാഭാഗ്യം തലശ്ശേരി ബ്രണ്ണന്‍ കോളജിന്‍െറ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. അതില്‍ എന്തുകൊണ്ടും പ്രമുഖനായിരുന്നു ഒ.എന്‍.വി. കുറുപ്പ്. കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയായിരുന്നു അദ്ദേഹത്തിന്‍െറ അധ്യാപനത്തിന്‍െറ കാതല്‍. അതുകൊണ്ടുതന്നെ അധ്യാപനവും അദ്ദേഹത്തിന് കാവ്യാത്മകമായിരുന്നു. കുറഞ്ഞകാലം മാത്രമേ ബ്രണ്ണനില്‍ അധ്യാപകനായി ഉണ്ടായുള്ളൂവെങ്കിലും കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥനാവാന്‍ അദ്ദേഹത്തിന് ഏറെക്കാലം വേണ്ടി വന്നില്ല. 1984ലാണ് അദ്ദേഹം ബ്രണ്ണനില്‍ എത്തിയത്. കഷ്ടിച്ച് ഒരുവര്‍ഷമേ അദ്ദേഹം ബ്രണ്ണനില്‍ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അദ്ദേഹത്തിന്‍െറ ഓര്‍മകളില്‍ ബ്രണ്ണന്‍ കോളജിലെ അധ്യാപക ജീവിതം നിറദീപമായി നിലനിന്നിരുന്നു. യു.എ.ഇയിലെ ബ്രണ്ണന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്മരണികയില്‍ അദ്ദേഹം കോളജിലെ കുറഞ്ഞ കാലത്തെ നല്ലനാളുകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. ഒ.എന്‍.വി. കുറുപ്പിനെ ആദരിക്കണമെന്ന ബ്രണ്ണന്‍ കോളജിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മോഹം സാക്ഷാത്കരിക്കാതെയാണ് അദ്ദേഹം വിടവാങ്ങിയത്. കോളജിന്‍െറ 125ാമത് വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി അദ്ദേഹത്തെ ആദരിക്കാനായി സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ. നാരായണന്‍ എം.എല്‍.എയുടെയും പ്രിന്‍സിപ്പല്‍ ഡോ. പി.എം. ഇസ്മാഈലിന്‍െറയും നേതൃത്വത്തില്‍ 2015 ആഗസ്റ്റില്‍ തിരുവനന്തപുരത്തെ വീട്ടില്‍ പോയിരുന്നു. എന്നാല്‍, അന്ന് ഒ.എന്‍.വി അസുഖത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയതിനാല്‍ ആദരിക്കാനായില്ളെന്ന് ബ്രണ്ണന്‍ കോളജ് അധ്യാപകന്‍ ഡോ. എ. വത്സലന്‍ മാധ്യമത്തോട് പറഞ്ഞു. തിരിച്ചു പോയശേഷവും കോളജുമായി അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഒട്ടേറെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാനത്തെിയത് ഈ ബന്ധത്തിനുപുറത്തായിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ അദ്ദേഹത്തെ അനുമോദിക്കാന്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കാനാണ് 2011 ഫെബ്രുവരിയില്‍ അദ്ദേഹം അവസാനമായി ബ്രണ്ണന്‍െറ പടികയറിയത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.