കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍ തീയതി നാളെ പ്രഖ്യാപിച്ചേക്കും

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണ വിമാനമിറക്കലിന്‍െറ തീയതി നാളെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് മൂന്നുമണിക്ക് വിമാനത്താവള പദ്ധതി പ്രദേശത്ത് മന്ത്രി കെ.സി. ജോസഫ് ‘ഒപ്പം’ എന്നപേരില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഈ വാര്‍ത്താസമ്മേളനത്തില്‍ പരീക്ഷണ പറക്കല്‍ തീയതി പ്രഖ്യാപിക്കാനാണ് സാധ്യത. സര്‍ക്കാര്‍ നടപ്പാക്കിയ ജില്ലയിലെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുന്നതെങ്കിലും മുഖ്യമായും ചര്‍ച്ചയില്‍ ഉരുത്തിരിയുന്നത് വിമാനത്താവളം തന്നെയായിരിക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും ഏതു നിമിഷവും പരീക്ഷണ പറക്കല്‍ നടത്താനുള്ള ഒരുക്കം പദ്ധതി പ്രദേശത്ത് നടന്നു വരുകയാണ്. പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി റണ്‍വേക്കും സമാന്തര ടാക്സിവേക്കും അരികിലായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ ഉയരത്തിലാണ് ബാരിക്കേഡ് സ്ഥാപിച്ചത്. പൂര്‍ണമായ 2400 മീറ്റര്‍ റണ്‍വേയില്‍ പരീക്ഷണ പറക്കലിനായി 1500 മീറ്റര്‍ റണ്‍വേ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.പരീക്ഷണ പറക്കല്‍ അനുമതിക്കായി ഡിസംബര്‍ 11 നായിരുന്നു കേന്ദ്ര സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് അപേക്ഷ നല്‍കിയിരുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ ഏറ്റെടുക്കുന്നതിനായി ഇവന്‍റ്മാനേജ്മെന്‍റുകളുടെ ടെന്‍ഡര്‍ ക്ഷണിച്ചു കിയാല്‍ വെബ്സൈറ്റില്‍ പരസ്യം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.