റെയില്‍വേ സ്റ്റേഷനിലെ മാലിന്യ പ്രശ്നം; പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മാലിന്യ പ്രശ്നം സംബന്ധിച്ച പരാതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു. റെയില്‍വേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാലാണ് നിര്‍ദേശം. കമ്പാര്‍ട്ട്മെന്‍റുകളിലെ മാലിന്യ സംസ്കരണം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് റെയില്‍വേ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചത്. സ്റ്റേഷനിലെ മാലിന്യപ്രശ്നം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അടുത്ത സിറ്റിങ്ങില്‍ സമര്‍പ്പിക്കാന്‍ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ക്ക് കമീഷന്‍ അംഗം അഡ്വ. കെ. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കി. അഡ്വ. ബി.പി. ശശീന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എടക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പൊതുടാപ്പുകളെ സംബന്ധിച്ച പരാതിയില്‍ ടാപ്പുകള്‍ പുന:സ്ഥാപിക്കാന്‍ ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായി കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു. ടിമ്പര്‍ പൈ്ളവുഡ് തൊഴിലാളികളുടെ മിനിമം കൂലി പുതുക്കാന്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ സമര്‍പ്പിച്ചതായി ജില്ലാ ലേബര്‍ ഓഫിസറും സംസ്ഥാന ലേബര്‍ കമീഷണറും അറിയിച്ചു. തടവുകാര്‍ക്ക് ആവശ്യമായ ഘട്ടങ്ങളില്‍ എസ്കോര്‍ട്ട് പരോള്‍ അനുവദിക്കാമെന്ന് ജയില്‍ ഡി.ജി.പി കമീഷനെ അറിയിച്ചു. ജയില്‍ നിയമ പുസ്തകങ്ങളുടെ പരിഭാഷകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. മലയാള പരിഭാഷ ലഭ്യമല്ലാത്ത നിയമങ്ങളുടെ കാര്യത്തില്‍ വെല്‍ഫെയര്‍ ഓഫിസര്‍ മുഖാന്തരം പരിഭാഷക്ക് നടപടി എടുക്കുമെന്നും ജയില്‍ ഡി.ജി.പി അറിയിച്ചു. വികലാംഗയോട് മോശമായി സംസാരിച്ചു എന്ന പരാതിയില്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്ററോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കമീഷന്‍ ഉത്തരവിട്ടു. 110 പരാതികളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. 16 കേസ് തീര്‍പ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.