കണ്ണൂര്‍: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള നൂറോളം നഴ്സുമാരുടെ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കെ.ജി.എന്‍.എ പ്രവര്‍ത്തകര്‍ ഡി.എം.ഒ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കുക, അന്യായമായ വര്‍ക്കിങ് അറേഞ്ച്മെന്‍റ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നഴ്സിങ് അസോസിയേഷന്‍ നേതാക്കള്‍ ഡി.എം.ഒ പി.കെ. ബേബിയുമായി ചര്‍ച്ച നടത്തി. രണ്ടാഴ്ചക്കകം പി.എസ്.സി വഴി ഗ്രേഡ് സെക്കന്‍ഡ് തസ്തികയില്‍ 11 നഴ്സുമാരെ നിയമിക്കുമെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും റിലീവിങ് ഓര്‍ഡര്‍ നല്‍കാത്തവര്‍ക്ക് ഉടന്‍ ഇത് നല്‍കുമെന്നും ഡി.എം.ഒ ഉറപ്പ് നല്‍കി. ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം അഞ്ച് പേരെ പുതുതായി നിയമിക്കാനും ജില്ലാ പഞ്ചായത്ത്, ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി എന്നിവയുടെ സഹായത്തോടെ ഒഴിവുകള്‍ നികത്താനും നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. കെ.ജി.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എസ്. മോളി, ജില്ലാ സെക്രട്ടറി കെ.എന്‍. സതീഭായി, പ്രസിഡന്‍റ് വി. സുലേഖ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.