കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന് ദിശാബോധമേകാന്‍ ക്രിയാത്മക നിര്‍ദേശങ്ങളുമായി വിവിധ സംഘടനകളുടെ കൂട്ടായ്മയായ ‘ദിശ’യുടെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ മുഖ്യാതിഥിയായിരുന്നു. സാധാരണക്കാരന് ഉപകരിക്കുന്ന തരത്തിലും പൗരബോധം വളര്‍ത്തുന്ന തരത്തിലുമുള്ള വികസനം മാത്രമേ ശാശ്വതമായി നിലനില്‍ക്കുകയുള്ളൂവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അസി. ടൗണ്‍ പ്ളാനര്‍ സത്യബാബു ചൂണ്ടിക്കാട്ടി. നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് പാര്‍ക്കിങ്ങാണെന്നും വന്‍നഗരങ്ങളിലുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം കണ്ണൂരില്‍ സ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും സംസാരിച്ചവര്‍ കോര്‍പറേഷനോട് അഭ്യര്‍ഥിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോര്‍പറേഷന് ഇക്കാര്യത്തില്‍ അധികബാധ്യത വരില്ളെന്നും അഭിപ്രായമുയര്‍ന്നു. നഗരത്തിലെ പലയിടത്തും ഉപയോഗിക്കാതെ കിടക്കുന്ന പറമ്പുകള്‍ മാലിന്യ കേന്ദ്രങ്ങളാവുകയാണ്. ഇവ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം സ്ഥലങ്ങള്‍ വൃത്തിയാക്കി പേ ആന്‍ഡ് പാര്‍ക്കിങ്ങിനായി ഉപയോഗിക്കാമെന്നും പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. 200 ഏക്കറോളം റവന്യൂ സ്ഥലത്ത് മൂടിക്കിടക്കുന്ന കക്കാട് പുഴ സംരക്ഷിക്കാന്‍ പുഴാതി പഞ്ചായത്ത് കൈക്കൊണ്ട നടപടികളില്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന സ്ഥലത്തെ പ്രവൃത്തി ഏറ്റെടുത്ത് അമൃത് പദ്ധതിയില്‍പെടുത്താനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു. സി. ജയചന്ദ്രന്‍, ആര്‍ക്കിടെക്റ്റുമാരായ മധുകുമാര്‍, സജോ ജോസഫ്, സി.കെ. ഉണ്ണികൃഷ്ണന്‍, എ.കെ. ജയചന്ദ്രന്‍, കേരള ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്‍റ് ശബരീദാസ്, രാജന്‍, അഡ്മിറല്‍ മോഹനന്‍, മധുമേനോന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങള്‍ കോര്‍പറേഷന്‍ ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.