ഹക്കീമിന്‍െറ ഓര്‍മക്ക് ഇന്ന് രണ്ടാണ്ട്

പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമിനെ കൊന്ന് ചുട്ടുകരിച്ച ദാരുണ സംഭവത്തിന് രണ്ടു വയസ്സ്. ലോക്കല്‍ പൊലീസ് മുതല്‍ ഇന്ത്യയിലെ ഉന്നത ഏജന്‍സിയായ സി.ബി.ഐ വരെ അന്വേഷിച്ചിട്ടും പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ സാധിക്കാതെയാണ് സംഭവം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് ഹക്കീമിന്‍െറ മൃതദേഹം കൊറ്റി ജുമാമസ്ജിദ് പറമ്പില്‍ മദ്റസക്ക് പിറകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. തൊട്ടടുത്ത് ചുറ്റും മുളകുപൊടി വിതറിയ നിലയില്‍ ഹക്കീമിന്‍െറ ഷര്‍ട്ടും ബനിയനും ഉണ്ടായിരുന്നു. ഇതാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് തിരിച്ചറിയാന്‍ കാരണമായത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്ക് ഏറ്റ അടിയാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ അന്വേഷണത്തിലെ അനാസ്ഥക്കെതിരെ പയ്യന്നൂരില്‍ പ്രക്ഷോഭം കൊടുമ്പിരികൊണ്ടതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വിവിധ സംഘടനകള്‍ പ്രത്യേകം പ്രത്യേകം സമരം നടത്തിയായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം. സി. കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ കര്‍മസമിതി മറ്റു സമിതിയുമായി യോജിച്ച് സംയുക്ത സമരസമിതി രൂപവത്കരിച്ച് സമരം തുടര്‍ന്നു. 100 ദിവസം നീണ്ട നിരാഹര സമരമാണ് സമിതിയുടെ നേതൃത്വത്തില്‍ നടന്നത്. ആദ്യം നിരാഹാരമനുഷ്ഠിച്ചത് നഗരസഭാ ചെയര്‍പേഴ്സന്‍ കെ.വി. ലളിതയായിരുന്നു. സമരത്തിന്‍െറ ഫലമായി കേസ് സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും കത്തെഴുതുകയും ചെയ്തു. എന്നാല്‍, കേസ് ഏറ്റെടുക്കേണ്ടതില്ളെന്നായിരുന്നു സി.ബി.ഐ തീരുമാനം. ഈ സന്ദര്‍ഭത്തിലാണ് ഹക്കീമിന്‍െറ ഭാര്യ സീനത്തും സംയുക്ത സമരസമിതി കണ്‍വീനര്‍ ടി. പുരുഷോത്തമനും ഹൈകോടതിയെ സമീപിക്കുന്നത്. പ്രശ്നത്തില്‍ ഇടപെട്ട കോടതി കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്. കേസ് രേഖകള്‍ ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച സി.ബി.ഐ നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി ലഭിച്ചില്ളെന്നാണ് വിവരം. സി.ബി.ഐ ഉദ്യോഗസ്ഥര്‍ പയ്യന്നൂര്‍ ഗെസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്താണ് അന്വേഷിക്കുന്നത്. ഹക്കീമിന്‍െറ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഹക്കീമിന്‍െറ കുടുംബവും നാട്ടുകാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.