നടുവില്‍: വിനോദ സഞ്ചാര സാധ്യത ലക്ഷ്യംവെച്ച് പുല്‍മേടുകള്‍ക്ക് തീയിടുന്നതായി പരാതി. മലയോര മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വൈതല്‍മല, പാലക്കയംതട്ട് എന്നിവിടങ്ങളിലാണ് വര്‍ഷങ്ങളായി തീയിടുന്നത്. ഈവര്‍ഷം വൈതല്‍മലയിലും പാലക്കയത്തും ഓരോ തവണ തീപിടിത്തം ഉണ്ടായി. പാലക്കയത്ത് ടൂറിസം പദ്ധതികളുടെ ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് തീപിടിച്ചത്. പ്രദേശം മുഴുവന്‍ തീ നക്കിത്തുടച്ചു. തീയിടുന്നതിനു പിന്നില്‍ ടൂറിസവുമായി ബന്ധപ്പെട്ട ആളുകളാണെന്ന ആരോപണമുണ്ട്. നായാട്ടുകാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തീയിട്ടുകഴിഞ്ഞ് തളിര്‍ത്തുവരുന്ന ഇളം പുല്ലുകള്‍ കാഴ്ചക്ക് മാറ്റുകൂട്ടുന്നതാണ് ഒരു കാരണം. അതേസമയം മ്ളാവ്, കൂരമാന്‍, മുയല്‍, പന്നി തുടങ്ങിയ ജീവികളും അവിടെയത്തെും. പുല്ല് കത്തിയുണ്ടായ ചാരം പന്നികള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരമാണ്. രാത്രികാലങ്ങളില്‍ നായാട്ട് നടക്കുന്നതായും സമീപവാസികള്‍ പറയുന്നു. രണ്ടു വര്‍ഷമായി സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വൈതല്‍ മലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന തീപിടിത്തം കുറഞ്ഞിരുന്നു. അതിന്‍െറ മാറ്റം മലയില്‍ പ്രകടമാണ്. വേനല്‍ എത്തുമ്പോഴേക്കും വറ്റിയിരുന്ന ഉറവകളില്‍ ഇപ്പോഴും വെള്ളമുണ്ട്. കാണാനില്ലാതിരുന്ന സസ്യവൈവിധ്യങ്ങളും പ്രത്യക്ഷപ്പെട്ടു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മലകളിലെ ജന്തു, സസ്യ വൈവിധ്യങ്ങളുടെ ചിത്രങ്ങളും മറ്റുമാണ് അധികൃതര്‍ പ്രചരിപ്പിക്കുന്നത്. ഇവക്ക് നാശമുണ്ടാക്കുന്ന തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല. കുപ്പം, വളപട്ടണം പുഴകളിലേക്കുള്ള നീര്‍ച്ചോലകള്‍ രൂപപ്പെടുന്നത് രണ്ട് മലകളിലുമായാണ്. അടിക്കടിയുള്ള തീപിടിത്തം കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.