വിവാദ ഹോട്ടലിന് ബിയര്‍ ലൈസന്‍സ്; നഗരസഭ അപ്പീല്‍ നല്‍കും

കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ വിവാദ നക്ഷത്ര ഹോട്ടലില്‍ ബിയര്‍, വൈന്‍ വില്‍പനക്ക് അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നഗരസഭയെ എതിര്‍ കക്ഷിയാക്കി ഹോട്ടലുടമ നാഗരാജന്‍ ഫയല്‍ചെയ്ത കേസ് പരിഗണിച്ച ഹൈകോടതിയുടെ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെയാണ് ബിയര്‍, വൈന്‍ വില്‍പനക്ക് ലൈസന്‍സ് അനുവദിക്കാന്‍ എക്സൈസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് കൗണ്‍സില്‍ തീരുമാനം. കേസില്‍ അപ്പീല്‍ നല്‍കണമെന്ന ചെയര്‍മാന്‍ വി.വി. രമേശന്‍െറ അഭിപ്രായത്തെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ അനകൂലിക്കുകയായിരുന്നു. നഗരസഭ ഒരിക്കല്‍ ഐകകണ്ഠ്യേന അംഗീകരിച്ച വിഷയത്തില്‍ വീണ്ടും കോടതിയില്‍ പോകുന്നതിന് പിന്നില്‍ അഭിഭാഷകന്‍െറ താല്‍പര്യം മാത്രമാണെന്ന ബി.ജെ.പി അംഗം വത്സലന്‍െറ അഭിപ്രായം തിങ്കളാഴ്ചത്തെ കൗണ്‍സില്‍ യോഗം അംഗീകരിച്ചില്ല. നേരത്തെ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നിരാക്ഷേപ പത്രം നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം നഗരസഭയിലെ യു.ഡി.എഫ് ഭരണ സമിതിയുടെ അധികാര നഷ്ടത്തിലാണ് കലാശിച്ചത്. ഇത്തവണ അധികാരത്തിലേറിയ എല്‍.ഡി.എഫ് ഭരണസമിതി അഭിമാന പ്രശ്നമായാണ് ബാര്‍ ലൈസന്‍സ് വിഷയത്തെ ഏറ്റെടുത്തത്. 2014 ഏപ്രില്‍ 28ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന ഹോട്ടലില്‍ വിദേശ മദ്യ വില്‍പനക്ക് അനുമതി നല്‍കുന്നതിന് നിരാക്ഷേപ പത്രം നല്‍കാന്‍ തീരുമാനിച്ചതിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്നപ്പോള്‍ 2015 മേയ് 13ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനം റദ്ദാക്കുകയായിരുന്നു. മുനിസിപ്പല്‍ ആക്ടിലെ 13ാം ചട്ടത്തിന് വിരുദ്ധമായാണ് നഗര സഭ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുടമ ഹൈകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.