‘കടലാസിലെ പ്രസിഡന്‍റ്’ ആയി മടക്കം

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടതിന്‍െറ മുറിപ്പാടുകള്‍ ഭരണസാരഥിയുടെ ജനകീയ മുഖം കൊണ്ട് കഴുകാനുള്ള തന്ത്രം പാളി കാരായി രാജന്‍ ജില്ലാ പഞ്ചായത്തിന്‍െറ പടിയിറങ്ങുമ്പോള്‍ പ്രസിഡന്‍റ് പദവിയുടെ ബാക്കി പത്രത്തിലുള്ളത് ‘കടലാസിലെ പ്രസിഡന്‍റ്’ പദവി. പല പൊതുപരിപാടികളിലും കാരായിയുടെ പേര് ഉള്‍പ്പെടുത്തുകയും വൈസ് പ്രസിഡന്‍റ് പങ്കെടുക്കുകയുമായിരുന്നു. ജില്ലാ പഞ്ചായത്തിലത്തെിയതാവട്ടെ വിരലിലെണ്ണാവുന്ന ദിവസവും. സി.പി.എമ്മിന്‍െറ ജനകീയ മുഖമായിരുന്ന പ്രഫ. കെ.എ. സരള ഒഴിച്ചിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലേക്കാണ് വിവാദങ്ങളില്‍പെട്ട ഒരാളെന്ന നിലയില്‍ കൗതുകമായി കാരായി കടന്നുവന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും കൂടിയ വോട്ടുകള്‍ക്ക് വിജയിക്കുമ്പോഴും കോടതിയുടെ അനുമതിയെന്ന കടമ്പ കാര്യമായ പ്രശ്നമുണ്ടാക്കില്ളെന്നായിരുന്നു പാര്‍ട്ടി കരുതിയിരുന്നത്. എന്നാല്‍, പൊതു കാര്യങ്ങളിലും ഭരണ കാര്യങ്ങളിലും കാര്യമായ ഇടപെടലുകള്‍ നടത്തുന്നതിന് അദ്ദേഹത്തിന് സമയം ലഭിച്ചില്ല. പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം പങ്കെടുത്ത യോഗങ്ങളും പൊതുപരിപാടികളും വിരലിലെണ്ണാവുന്നവ മാത്രം. സത്യപ്രതിജ്ഞയടക്കം കാരായി പങ്കെടുത്തത് നാല് കൗണ്‍സില്‍ യോഗങ്ങളിലാണ്. സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയാല്‍ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളവ മൂന്നെണ്ണം മാത്രം. പ്രസിഡന്‍റിന്‍െറ അസാന്നിധ്യം ചര്‍ച്ചയാകാതിരിക്കാന്‍ ജില്ലാ പഞ്ചായത്ത് പുറത്തുവിട്ടത് മുപ്പതിലധികം യോഗങ്ങളുടെ കണക്കാണ്. എന്നാല്‍, ഇവയില്‍ അധികം കാരായി പങ്കെടുക്കാതെ നടന്ന സ്ഥിരം സമിതി യോഗങ്ങളാണ്. കാരായി പങ്കെടുത്ത കൗണ്‍സില്‍ യോഗങ്ങളില്‍ തന്നെ കാര്യമായ പുതിയ പദ്ധതികളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍െറ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ഏറെയും വന്നത്. ജില്ലയിലെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന സ്ത്രീ സൗഹൃദ ശുചിമുറികള്‍ നിര്‍മിക്കുന്ന പദ്ധതി മാത്രമാണ് പറയാവുന്നത്. ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കുകാരണം പൊതുപരിപാടികളില്‍ പങ്കെടുക്കാനായില്ളെങ്കിലും മിക്ക പരിപാടികളുടെയും നോട്ടീസുകളില്‍ കാരായി നിറഞ്ഞുനിന്നു. ഉദ്ഘാടനത്തിനും ചടങ്ങുകള്‍ക്കും എത്താനായില്ളെങ്കിലും പ്രസിഡന്‍റിന്‍െറ സാന്നിധ്യം ഈ രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള ബോധപൂര്‍വ ശ്രമമായിരുന്നു ഇത്. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ യോഗങ്ങളില്‍ കാരായി എത്തിയിരുന്നില്ളെങ്കിലും ആദ്യമൊന്നും യോഗങ്ങളില്‍ ഇത് യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധത്തിന് വിഷയമാക്കിയില്ല. യോഗ ഹാളില്‍ പ്രതിഷേധമുയരാതെയാണ് പുറത്ത് പ്രതിഷേധിച്ചത്. യു.ഡി.എഫിന്‍െറ സമരത്തിന് തീവ്രത കുറവായിട്ടും നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളില്‍ കാരായിമാരുടെ അസാന്നിധ്യങ്ങള്‍ പ്രതിസന്ധിയാകരുതെന്ന കരുതലോടെയാണ് രാജിക്ക് കളമൊരുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.