കാരായി രാജന്‍െറ രാജി: സി.പി.എം ജില്ലാ നേതൃത്വത്തിന് തിരിച്ചടി

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാരായി രാജനെ രാജിവെപ്പിക്കേണ്ടിവന്നത് ഫസല്‍ വധക്കേസ് പ്രതികളായ കരായിമാരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച സി.പി.എം ജില്ലാ നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായി. കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കും മത്സരിപ്പിക്കാന്‍ സി.പി.എം ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ഇതിനെതിരെ അഭിപ്രായമുയര്‍ന്നെങ്കിലും ജില്ലാ നേതൃത്വത്തിലെ ചിലര്‍ നടത്തിയ നിര്‍ബന്ധബുദ്ധിയോടെയുള്ള ചര്‍ച്ചകളാണ് ഇവര്‍ക്കനുകൂല തീരുമാനമുണ്ടാക്കിയത്. സംസ്ഥാനമൊട്ടുക്കും പാര്‍ട്ടി അണികളിലും പാര്‍ട്ടി ബന്ധുക്കളിലും കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കുറിച്ച തെറ്റിദ്ധാരണ മാറ്റിയെടുക്കാനും പാര്‍ട്ടി ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. സി.പി.എം കുത്തക സീറ്റായ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനില്‍നിന്ന് 21,602 വോട്ടുകള്‍ക്കാണ് കാരായി രാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തലശ്ശേരി നഗരസഭയില്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ചെള്ളക്കരയില്‍നിന്ന് 201 വോട്ടിനാണ് കാരായി ചന്ദ്രശേഖരന്‍ ജയിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഏരിയാ കമ്മിറ്റി അംഗം ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കും ഉയര്‍ത്തിക്കാട്ടാനും ജില്ലാ നേതൃത്വം മുന്‍കൈയെടുത്തതോടെ പാര്‍ട്ടിയിലെ എതിരഭിപ്രായങ്ങള്‍ ഇല്ലാതാവുകയായിരുന്നു. എന്നാല്‍, ഇരുവരും തദ്ദേശ ഭരണത്തിലെ നിര്‍ണായക പദവികളിലത്തെിയിട്ടും ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാത്തത് സി.പി.എം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍, ജില്ലാ പഞ്ചായത്തിലെ ഭരണസ്തംഭനം ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് സംസ്ഥാനമൊട്ടുക്കും പ്രചാരണം ആരംഭിക്കുകയും ചെയ്തു. പ്രചാരണത്തില്‍ കഴമ്പുണ്ടെന്ന് സ്ഥാപിക്കുംവിധം പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളിലും ചര്‍ച്ച ഉയര്‍ന്നതോടെയാണ് പ്രസിഡന്‍റിനെ രാജിവെപ്പിക്കാന്‍ തീരുമാനിച്ചത്. നാലുതവണയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഇരുവരും ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രധാനികളായതോടെ ഇരുവര്‍ക്കും സാക്ഷികളെ സ്വാധീനിക്കുക എളുപ്പമാകുമെന്നും ഇതിനുവേണ്ടി മാത്രമാണ് മത്സരിപ്പിച്ചതെന്നും സി.ബി.ഐ അഭിഭാഷകര്‍ ഹൈകോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി, ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാനുള്ള അപേക്ഷകള്‍ തള്ളുകയായിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ എല്ലായ്പ്പോഴും മേധാവിത്വം പുലര്‍ത്തിവന്ന കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനേറ്റ തിരിച്ചടി പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രധാന ചര്‍ച്ചയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.